വികസന സ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്നു; പ്രതീക്ഷയോടെ ഇടമലക്കുടി
text_fieldsമൂന്നാർ: നിബിഡവനത്തിലെ ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസന സ്വപ്നങ്ങൾക്ക് ഇടവേളക്കുശേഷം ചിറകുമുളക്കുന്നു. അരക്കോടി രൂപ മുടക്കി നിർമിക്കുന്ന ആശുപത്രിയുടെ പണി അവസാനഘട്ടത്തിൽ എത്തിയത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. 24 കുടിയിലായി 13 വാർഡുകളുള്ള ഇടമലക്കുടി പഞ്ചായത്ത് മൂന്നാർ ടൗണിൽനിന്ന് 36 കിലോമീറ്റർ അകലെയാണ്. വനാന്തർഭാഗത്തെ പഞ്ചായത്തിന് പരിമിതികൾ മാത്രമാണ് കൂട്ട്. പൂർണമായും കാൽനടയെ ആശ്രയിച്ച് പുറംലോകവുമായി ബന്ധപ്പെട്ടിരുന്ന ജനതക്ക് റോഡ് ഒരു സ്വപ്നമായിരുന്നു.
സൗജന്യ റേഷൻ ലഭിച്ചാൽപോലും അരിയെക്കാൾ കൂടുതൽ ചുമട്ടുകൂലി കൊടുത്തുവാങ്ങേണ്ട സ്ഥിതി. കെ. രാധാകൃഷ്ണൻ സ്പീക്കറായിരിക്കെ ഇടപെട്ടാണ് ഇൗ പ്രശ്നം പരിഹരിച്ചത്. പി.കെ. ജയലക്ഷ്മി മന്ത്രി ആയിരുന്നപ്പോൾ പ്രഖ്യാപിച്ച പാക്കേജിൽ വലിയ പ്രതീക്ഷ ആയിരുന്നു.
12 കോടിയാണ് അന്ന് വകയിരുത്തിയത്. ഇതിൽ 26 ലക്ഷം മുടക്കി ആശുപത്രി കെട്ടിടം നിർമിച്ചു. ഉപകരണങ്ങൾ വാങ്ങാൻ 40 ലക്ഷവും അടച്ചു. വൈദ്യുതി പോസ്റ്റുകളും സ്ഥാപിച്ചു. രണ്ട് ഡോക്ടർമാർ, നാല് നഴ്സ്, ഒരു അറ്റൻഡർ, ഒരു ലാബ് ടെക്നീഷൻ എന്നിവർ ജോലി ചെയ്യുന്ന ആശുപത്രിയാണ് പൂർത്തിയാകുന്നത്. ഇവർക്ക് ക്വാർട്ടേഴ്സുകളും പണിതു.
ഇടമലക്കുടിക്ക് സമ്പൂർണ സ്കൂൾ സമുച്ചയം നിർമിക്കാൻ ഡീൻ കുര്യാക്കോസ് എം.പി 96 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് ഫണ്ടിൽനിന്ന് നാല് ലക്ഷവും ചേർത്ത് ഒരു കോടിയുടെ സ്കൂൾ, ഹോസ്റ്റൽ, ലൈബ്രറി സമുച്ചയമാണ് വിഭാവനം ചെയ്യുന്നത്.
ഇടമലക്കുടിയിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ദേവികുളത്താണ് പഞ്ചായത്ത് ഓഫിസ്. കൃഷിഭവനും ദേവികുളത്താണ്. ഇതിനു പരിഹാരമായി മിനിസിവിൽ സ്റ്റേഷൻ നിർമാണവും തുടങ്ങും. ഇതോടെ എല്ലാ സർക്കാർ സ്ഥാപനങ്ങളും ഒരിടത്താകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.