ജലവിഭവ വകുപ്പ് തടയണ നിർമിച്ചു, പഞ്ചായത്ത് കൈവിട്ടു; ജലക്ഷാമം അതേപടി
text_fieldsമൂന്നാർ: മൂന്നാറിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ കോടികൾ ചെലവിട്ട് രണ്ടരവർഷം മുമ്പ് നിർമിച്ച രണ്ട് തടയണകൾ തുടർ നടപടികളില്ലാതെ നശിക്കുന്നു. തടയണകൾ ഏറ്റെടുത്ത് തുടർ നടപടികൾ നടപ്പാക്കേണ്ടെന്ന് പഞ്ചായത്ത് തീരുമാനമെടുത്തതോടെയാണ് തടയണകൾ രണ്ടും ഉപേക്ഷിക്കപ്പെട്ടത്. മേഖലയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാനാണ് ടൗണിനു സമീപമുള്ള പെരിയവരകവല, പെരിയവരപാലം എന്നിവിടങ്ങളിലായി കന്നിയാറിനു കുറുകെ 3.53 കോടി രൂപ ചെലവിൽ രണ്ടര വർഷം മുമ്പ് രണ്ട് തടയണ നിർമിച്ചത്.
2022 മാർച്ച് 31നാണ് ഇവയുടെ നിർമാണം പൂർത്തീകരിച്ചത്. ചെറുകിട ജലവിഭവ വകുപ്പാണ് തടയണകൾ നിർമിച്ചത്. തടയണകളിൽ വെള്ളം ശേഖരിച്ച് സമീപത്തെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്ത് നിർമിക്കുന്ന സംഭരണിയിലെത്തിച്ച് ശുദ്ധീകരിച്ച് മേഖലയിൽ വിതരണം ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്.
തടയണകൾ കൈമാറിയ ശേഷമുള്ള സംഭരണി നിർമാണമുൾപ്പെടെയുള്ള കാര്യങ്ങൾ പഞ്ചായത്തുതലത്തിൽ നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, പദ്ധതി പ്രകാരം തടയണയിൽനിന്ന് 500 അടിയിലേറെ ഉയരത്തിലുള്ള മലമുകളിലേക്ക് വെള്ളം എത്തിക്കുന്നതും റവന്യൂ ഭൂമിയിൽ സംഭരണി, ശുദ്ധീകരണ സംവിധാനം എന്നിവ നിർമിക്കാനുള്ള തടസ്സവും വൻ ചെലവും ഉൾപ്പെടെ പദ്ധതി നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും കണ്ടെത്തിയതോടെയാണ് പഞ്ചായത്ത് കമ്മിറ്റി പദ്ധതി ഏറ്റെടുക്കേണ്ട എന്ന തീരുമാനത്തിലെത്തിയത്. പഞ്ചായത്ത് കൈയൊഴിഞ്ഞതോടെ കോടികൾ ചെലവഴിച്ചു നിർമിച്ച തടയണകൾ ഉപേക്ഷിച്ച നിലയിൽ കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.