കുടിവെള്ള പദ്ധതി പാതിവഴിയിൽ നിലച്ചു; 3.5 കോടിയുടെ തടയണകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ
text_fieldsമൂന്നാർ: പദ്ധതി പാതിവഴിയിൽ നിലച്ചതോടെ 3.5 കോടി ചെലവിട്ട് നിർമിച്ച തടയണകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ. മൂന്നാർ ടൗണിന് സമീപം കന്നിയാറിലാണ് നബാർഡ് ഫണ്ട് ഉപയോഗിച്ച് ചെറുകിട ജലസേചന വകുപ്പ് ബണ്ടുകൾ സ്ഥാപിച്ചത്.
ശുദ്ധജലക്ഷാമം രൂക്ഷമായ മൂന്നാർ ടൗൺ, കോളനി പ്രദേശങ്ങളിൽ വെള്ളമെത്തിക്കാനുള്ളതായിരുന്നു പദ്ധതി. ടൗണിന് സമീപവും ഒരു കിലോമീറ്റർ മുകളിൽ മുതുവാൻപാറ ഭാഗത്തുമാണ് തടയണകൾ സ്ഥാപിച്ചത്. കന്നിയാറിലെ വെള്ളം തടഞ്ഞുനിർത്തി ഇവിടെ സ്ഥാപിക്കുന്ന ടാങ്കിൽ സംഭരിച്ച് വിതരണം ചെയ്യാനുള്ളതായിരുന്നു പദ്ധതി. 2019 ഏപ്രിലിൽ ആരംഭിച്ച തടയണ നിർമാണം 2022 മാർച്ചിൽ പൂർത്തിയായി. ഇത് പഞ്ചായത്തിന് കൈമാറുമെന്നും ടാങ്കും പൈപ്പുകളും സ്ഥാപിച്ച് പഞ്ചായത്ത് ജലവിതരണം നടത്തണമെന്നായിരുന്നു ധാരണ. എന്നാൽ, പദ്ധതി പ്രായോഗികമല്ലെന്നും വൻ പണച്ചെലവ് വരുമെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പിൻമാറി. ഇതോടെയാണ് ഒന്നര വർഷമായി ഈ തടയണകൾ ഉപയോഗ ശൂന്യമായിക്കിടക്കുന്നത്. പദ്ധതി പ്രായോഗികമാണോയെന്ന് മതിയായ പഠനം നടത്താതെ തടയണകൾ സ്ഥാപിച്ചതാണ് തിരിച്ചടിയായത്. പ്രശ്നം കലക്ടറുടെ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് പദ്ധതി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.