കാട്ടാനക്കൂട്ടം വീട് വളഞ്ഞു; ശ്വാസമടക്കി അഞ്ചു മണിക്കൂര്‍
text_fieldsമൂന്നാര്‍: കാടിറങ്ങിയ ആനക്കൂട്ടം വീട് വളഞ്ഞതോടെ ശ്വാസം അടക്കിപ്പിടിച്ച് കുരുന്നുകളടക്കം കഴിഞ്ഞത് അഞ്ചു മണിക്കൂര്‍. രണ്ടുസംഘമായി ലയങ്ങളിലെത്തിയ കാട്ടാനകള്‍ പുലര്‍ച്ച നാലോടെയാണ് കാടുകയറിയത്. മൂന്നാര്‍ ഗൂര്‍വിള എസ്റ്റേറ്റിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 11ഓടെയാണ് കുട്ടിയാനയടക്കം അഞ്ചംഗ കാട്ടാനക്കൂട്ടം എസ്റ്റേറ്റിലെത്തിയത്.
ലയങ്ങളില്‍ പ്രവേശിച്ച കാട്ടാനകള്‍ സുധയുടെ വീടിെൻറ ജനല്‍ ചില്ലുകള്‍ തകര്‍ത്തു.
ഈ സമയം ഉറക്കമുണര്‍ന്ന സുധ കുട്ടികളായ ഹര്‍ശിനി (ആറ്), ബ്രിന്ത (എട്ട്) എന്നിവരുമായി അടുക്കള വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവിടെയും ആനകള്‍ വളഞ്ഞിരുന്നു. തുടര്‍ന്ന് വാതില്‍ അടച്ച് അടുക്കളയില്‍ അഭയം പ്രാപിച്ച മൂവര്‍ സംഘം ശ്വാസം അടക്കിപ്പിടിച്ചാണ് നാലുമണിവരെ കഴിഞ്ഞത്.
സമീപത്തെ വള്ളിയുടെ വീടിെൻറ വാതിലും ഗണേഷന്‍, ലക്ഷ്മണന്‍, സുധ എന്നിവരുടെ വിളവെടുക്കാന്‍ പാകമായ ബീന്‍സ് കൃഷിയും കാട്ടാനകള്‍ തകര്‍ത്തു.
രണ്ടുസംഘമായാണ് കാട്ടാനകള്‍ ലയങ്ങളിലെത്തിയത്. ഒറ്റയാന്‍ പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാതെ കടന്നുപോയി.
കാട്ടാനകള്‍ കൂട്ടമായി കാടിറങ്ങുന്നതോടെ സ്വൈരജീവിതം നയിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. പതിനായിരങ്ങള്‍ ചെലവഴിച്ചിറക്കുന്ന പച്ചക്കറി കൃഷി വിളവെടുപ്പിനു പാകമാകുന്നതോടെ വന്യമൃഗങ്ങള്‍ നശിപ്പിക്കുകയാണ്. തോട്ടങ്ങളില്‍നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ട് ജീവിതം ബുദ്ധിമുട്ടായതിനാൽ തൊഴിലാളികള്‍ കൃഷിയിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് കുട്ടികളുടെ പഠനമടക്കം മുമ്പോട്ട് കൊണ്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.