കൈയേറ്റം, അനധികൃത നിർമാണം: പശ്ചിമഘട്ടത്തിെൻറ ഹൃദയം തകരുന്നു
text_fieldsമൂന്നാർ: ജൈവവൈവിധ്യ കലവറയായ പശ്ചിമഘട്ടത്തിെൻറ ആവാസവ്യവസ്ഥക്ക് ഭീഷണിയായി വൻ കൈയേറ്റങ്ങളും അനധികൃത നിർമാണപ്രവർത്തനങ്ങളും വർധിക്കുന്നു. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ വലിയ ജൈവസമ്പത്താണ് മൂന്നാറുൾപ്പെടുന്ന പശ്ചിമഘട്ട മലനിരകളിലുള്ളത്.
ജലസ്രോതസ്സുകൾ സൃഷ്ടിക്കുകയും കാലാവസ്ഥയെ നിയന്ത്രിക്കുകയും ചെയ്യുന്ന ചോലവനങ്ങളാണ് പശ്ചിമഘട്ടത്തിെൻറ പ്രത്യേകത. 1700 മുതൽ 2600 മീറ്റർ വരെ ഉയരത്തിൽ മാത്രം രൂപംകൊള്ളുന്ന പന്ത്രണ്ടോളം വനവിഭാഗങ്ങൾ ഇവിടെയുണ്ട്. 50 ദശലക്ഷം വർഷം വരെയാണ് ശാസ്ത്രജ്ഞർ പഴക്കം കണക്കാക്കുന്നത്.
ഇത്തരം വനങ്ങളിലും പുൽമേടുകളിലുമായി കാണപ്പെടുന്ന ജന്തു, സസ്യ വൈവിധ്യം ലോകത്തിൽതന്നെ അപൂർവമാണ്. രാജ്യത്തെ ആകെ സസ്യവർഗങ്ങളുടെ 30 ശതമാനവും ഇവിടെയാണ്. 5000 അടി ഉയരത്തിൽ കാണപ്പെടുന്ന സ്ട്രോബിയാന്തസ് കുന്തിയാനസ് എന്ന നീലക്കുറിഞ്ഞി ഇരവികുളം ദേശീയോദ്യാനത്തിൽ സമൃദ്ധമായി വളരുന്നു. അതിവേഗ വംശനാശഭീഷണി നേരിടുന്ന വരയാടുകൾ കാണപ്പെടുന്നതും മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനത്തിലാണ്. കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ കണ്ടെത്തിയ 40 ഇനം മരത്തവളകൾ മറ്റെങ്ങും ഇല്ലാത്തതാണ്.
പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ഈ ജൈവവൈവിധ്യ സമ്പത്ത് അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നത് പെരുകുകയാണ്. അശാസ്ത്രീയ ഖനനപ്രവർത്തനങ്ങളും വനനശീകരണവും നായാട്ടുമെല്ലാം ജൈവമണ്ഡലത്തിനാകെ ഭീഷണി ആയിരിക്കുന്നു. കാലാവസ്ഥ വ്യതിയാനവും കാട്ടുമൃഗങ്ങളുടെ നാട്ടിറക്കവുമെല്ലാം ഇതിെൻറ ഫലമാണെന്നാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.