വൻകിടക്കാർ മുതൽ വഴിയോരക്കച്ചവടക്കാർ വരെ ദുരിതത്തിൽ
text_fieldsമൂന്നാർ വ്യാപാരികളുടെ കണ്ണീർ താഴ്വരയാണ്. ടൂറിസത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മൂന്നാറിലെ 1500ലധികം വ്യാപാരികളാണ് ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായത്. ദിനേന എത്തുന്ന നൂറുകണക്കിന് വാഹനങ്ങൾ, ആയിരക്കണക്കിന് സഞ്ചാരികൾ, വൻതുകയുടെ വ്യാപാരം ഇതെല്ലാമായിരുന്നു മൂന്നാറിലെ പതിവ് കാഴ്ചകൾ. ടൗണിൽ മാത്രമല്ല, കിലോമീറ്ററുകൾ അകലെ ടോപ്സ്റ്റേഷനും രാജമലയും വട്ടവടയുമെല്ലാം സന്ദർശകർ നിറഞ്ഞിരുന്നു. ചെറുകിട വഴിയോര കച്ചവടക്കാർ മുതൽ വൻകിട റിസോർട്ടുകൾ വരെ സന്ദർശകരെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. മൂന്നാറിനെ ആശ്രയിച്ച് ആയിരക്കണക്കിന് കുടുംബങ്ങളാണ് ജീവിച്ചത്. രണ്ടുവർഷം കൊണ്ട് ഇതെല്ലാം പഴങ്കഥയായി.
വിനോദസഞ്ചാരവും തേയില വ്യവസായവും അല്ലാതെ മറ്റൊന്നിനും വളക്കൂറില്ലാത്ത മണ്ണാണ് മൂന്നാർ. അതുകൊണ്ടാണ് ടൂറിസം രംഗത്ത് വൻമുതൽമുടക്ക് നടത്തി വിജയിക്കാൻ വ്യാപാരികൾ ശ്രമിച്ചത്. മൂന്നാർ ടൗണിൽ മാത്രം ആയിരത്തോളം വ്യാപാരികളുണ്ട്. ഭീമമായ ഡിപ്പോസിറ്റ് തുകയും വലിയ വാടകയും നൽകിയാണ് കച്ചവടം. ബാങ്കുകളിൽനിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള വായ്പകൾ വേറെയും. സഞ്ചാരികളുടെ വരവ് സജീവമായിരുന്നപ്പോൾ ശക്തമായ വ്യാപാരമേഖല ഇപ്പോൾ പൂർണമായും തകർന്നു. അപര്യാപ്തമായ ഗതാഗത സംവിധാനം, വ്യവസ്ഥകളോടെയുള്ള താമസം, ഹോട്ടലുകളുടെ അടച്ചിടൽ തുടങ്ങി എല്ലാ നിയന്ത്രണങ്ങളും മൂന്നാറിന് തിരിച്ചടിയായി.
ഹൈഡൽ ടൂറിസം വകുപ്പിനും ഡി.ടി.പി.സിക്കും കോടികളുടെ നഷ്ടമാണുണ്ടായത്. ഇതോടൊപ്പം ഈ മേഖലയിലെ നൂറുകണക്കിന് തൊഴിലാളികൾക്കും വരുമാനം നിലച്ചു. ടൗണിലും പരിസരങ്ങളിലും പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾ വായ്പ തിരിച്ചടവും വാടകയുമായി നട്ടംതിരിയുകയാണ്. കച്ചവടസ്ഥാപനങ്ങൾ പൂർണമായും തുറക്കുകയും വിനോദസഞ്ചാരികളുടെ മടങ്ങിവരവുമാണ് പരിഹാരമെന്നും ഇതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷെയന്നും മൂന്നാർ മർച്ചൻറ്സ് അസോ. പ്രസിഡൻറ് സി.കെ. ബാബുലാലും വ്യാപാരി വ്യവസായി സമിതി പ്രസിഡൻറ് ജാഫർ സാദിഖും പറഞ്ഞു.
കോടികൾ വായ്പയെടുത്ത ഹോട്ടലുകളും റിസോർട്ടുകളും നഷ്ടക്കയത്തിൽ കൂപ്പുകുത്തി. അസംഘടിത വ്യാപാര മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. മൂന്നാർ ടൗൺ, രാജമല, മാട്ടുപ്പെട്ടി, എക്കോ പോയൻറ്, ടോപ്സ്റ്റേഷൻ എന്നിവിടങ്ങളിൽ എണ്ണൂറോളം വഴിയോര കച്ചവടക്കാരുണ്ട്. കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളുമാണ് പ്രധാന ഉൽപന്നങ്ങൾ. പടുതകൊണ്ട് മറച്ചും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞും ഇവയൊന്നും അധികകാലം സൂക്ഷിക്കാൻ കഴിയില്ല. ഓരോരുത്തരുടെയും പതിനായിരക്കണക്കിന് രൂപയുടെ കളിപ്പാട്ടങ്ങൾ ഇതിനകം നശിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുകയും സർക്കാർ ഉത്തേജക പാക്കേജുകൾ നടപ്പാക്കുകയും ചെയ്താലെ മൂന്നാർ പ്രൗഢിയിലേക്ക് മടങ്ങൂ എന്നാണ് വ്യാപാരികളുടെ അഭിപ്രായം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.