ഗ്യാപ് റോഡ് കാഴ്ചയുടെ കൂടാരം; ഒപ്പം അപകടക്കെണിയും
text_fieldsമൂന്നാർ: കാഴ്ചകൾ കൊണ്ട് മനോഹരമാണെങ്കിലും അപരിചിതർക്ക് അപകടക്കെണിയാണ് ദേവികുളം ഗ്യാപ് റോഡ്. നിർമാണം പൂർത്തിയാകാത്ത റോഡും നിനച്ചിരിക്കാതെ എത്തുന്ന മൂടൽമഞ്ഞുമാണ് ഗ്യാപ് റോഡിനെ വില്ലനാക്കുന്നത്. വർഷങ്ങൾ നീണ്ട നിർമാണംകൊണ്ട് വീതിയേറെ ഉണ്ടെങ്കിലും അപകടം ഒളിഞ്ഞിരിക്കുന്നിടമാണ് ഗ്യാപ് റോഡ്. കോടികളുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഈ ഭാഗത്ത് റോഡിൽ റിഫ്ലക്ടറുകളോ ദിശാസൂചക ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. മഞ്ഞിറങ്ങുമ്പോൾ റോഡിന്‍റെ അതിര് അറിയാതെ പരിചയമുള്ള ഡ്രൈവർമാർ വരെ വിഷമിക്കാറുണ്ട്.
ഇന്നലെ അപകടമുണ്ടായ ഭാഗത്ത് വലിയ വളവാണ്. ഇവിടെ ക്രാഷ് ബാരിയറും സ്ഥാപിച്ചിട്ടില്ല. ഇവിടെ നിന്നാണ് കാർ താഴേക്ക് മറിഞ്ഞത്. മറ്റ് ജില്ലകളിൽനിന്ന് എത്തുന്നവർ വീതിയേറിയ റോഡ് കാണുമ്പോൾ വേഗത വർധിപ്പിക്കാൻ ശ്രമിക്കും. ഇതും അപകടത്തിന് കാരണമാകുന്നുണ്ട്. മുമ്പും ചെറുതും വലുതുമായ അപകടങ്ങൾ മേഖലയിൽ ഉണ്ടായിട്ടുണ്ട്. മുൻകാലങ്ങളിൽ ദേശീയ പാതയിലെ ഏറ്റവും ഇടുങ്ങിയ ഭാഗമായിരുന്നു ഈ ഭാഗം. അങ്ങനെയാണ് ഗ്യാപ് റോഡ് എന്ന പേര് വന്നതും. ഇതിന് പരിഹാരമായിട്ടാണ് വീതികൂട്ടിയത്. എന്നിട്ടും അപകടം വർധിക്കുന്നതിൽ ആശങ്കയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.