മൂക്കുപൊത്തണം പോതമേട് വഴി കടന്നുപോകാൻ
text_fieldsമൂന്നാർ: പള്ളിവാസൽ പഞ്ചായത്തിലെ പോതമേട് വഴി കടന്നുപോകണമെങ്കിൽ മൂക്കുപൊത്തണം. രാജ്യാന്തര ടൂറിസം കേന്ദ്രമെന്ന പെരുമയുള്ള മൂന്നാറിന്റെ തൊട്ടടുത്ത പഞ്ചായത്തായ പള്ളിവാസലിലെ പാതയോരങ്ങളിലാണ് മാലിന്യം കുമിഞ്ഞുകൂടിയത്.
പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിൽനിന്ന് പോതമേട്ടിലേക്കുള്ള റോഡിന്റെ ഒരുവശത്ത് പലയിടത്തായി മാലിന്യവും നിർമാണ അവശിഷ്ടങ്ങളും കൂട്ടിയിട്ടിരിക്കുന്നു. മഴയിൽ മുതിരപ്പുഴയാറിലേക്കാണ് ഇവ ഒഴുകിയെത്തുന്നത്. പള്ളിവാസലിന് താഴ്ഭാഗത്ത് ജനങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്നത് ഈ വെള്ളമാണ്.
പോതമേട് കവലയിൽ പാതയുടെ ഇരുവശവും കൂടിക്കിടക്കുന്ന മാലിന്യം വലിയ പരിസര മലിനീകരണവും പൊതുജനാരോഗ്യ പ്രശ്നങ്ങളുമാണ് സൃഷ്ടിക്കുന്നത്. ഇവിടെ പ്രവർത്തിക്കുന്ന അംഗൻവാടിക്ക് മുന്നിലാണ് ഈ മാലിന്യം തള്ളൽ. പോതമേട് ഭാഗത്ത് ഒട്ടേറെ റിസോർട്ടുകൾ പ്രവർത്തിക്കുന്നതിനാൽ നൂറുകണക്കിന് സഞ്ചാരികളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്.
മൂന്നാർ ടൗണിൽനിന്ന് രണ്ടു കിലോമീറ്റർ മാത്രം ദൂരെയാണ് ഇങ്ങനെ മാലിന്യം തള്ളിയിരിക്കുന്നത്. മൂന്നാർ പഞ്ചായത്തിന്റെ അതിർത്തി വരെ അവർ ശുചീകരണവും ബോധവത്കരണവും നടത്തുന്നുണ്ടെങ്കിലും തൊട്ടപ്പുറത്ത് പള്ളിവാസലിൽ മാലിന്യ നിർമാർജനം ഫലപ്രദമല്ലാത്തത് മൂന്നാറിന്റെ പെരുമക്കും കോട്ടമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.