പ്രവർത്തനം ആരംഭിക്കാതെ; മൂന്നാറിലെ സർക്കാർ അതിഥി മന്ദിരം
text_fieldsമൂന്നാർ: നിർമാണം തുടങ്ങി ഒമ്പത് വർഷം പിന്നിട്ടിട്ടും ഇന്നും പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കാതെ മൂന്നാറിലെ സർക്കാർ അതിഥി മന്ദിരം.
മൂന്നാർ കോളനി റോഡിൽ നിലവിലെ അതിഥി മന്ദിരത്തോട് ചേർന്നാണ് അനക്സ് കെട്ടിടം നിർമിക്കുന്നത്. നിലവിലെ അതിഥി മന്ദിരത്തിൽ മൂന്ന് മുറി മാത്രമാണുള്ളത്. സർക്കാർ അതിഥികൾക്കും വിനോദസഞ്ചാരികൾക്കും താമസിക്കാൻ കൂടുതൽ സൗകര്യം ഒരുക്കാൻ ലക്ഷ്യമിട്ടാണ് ഇതിനോട് ചേർന്ന് 10 മുറികളോടെ അനക്സ് കെട്ടിടം നിർമിക്കാൻ 2013ൽ അഞ്ചുകോടി രൂപ അനുവദിച്ചത്. 2014 ജൂലൈയിൽ അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന എ.പി. അനിൽകുമാർ ഇതിന് തറക്കല്ലിടുകയും ചെയ്തു.
10 കിടപ്പുമുറികൾക്കൊപ്പം കോൺഫറൻസ് ഹാൾ, അടുക്കള എന്നിവയും ഇതിന്റെ ഭാഗമാണ്. നിർമാണം ആരംഭിച്ചശേഷം കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഒട്ടേറെത്തവണ പല കാരണങ്ങളാൽ പണികൾ മുടങ്ങി.
നിലവിൽ കെട്ടിട നിർമാണം പൂർത്തിയാക്കിയെങ്കിലും അനുബന്ധ സൗകര്യങ്ങൾ ഒരുക്കണമെങ്കിൽ ഇനിയും തുക അനുവദിക്കണം. മുറികളിലേക്കുള്ള ഫർണിച്ചറുകൾ, അടുക്കള ഉപകരണങ്ങൾ എന്നിവ എത്തിച്ചാൽ ഉദ്ഘാടനം നടത്തി അതിഥി മന്ദിരം പ്രവർത്തനം ആരംഭിക്കാനാവും.
നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും ഇതിനുള്ള തുടർ നടപടിയില്ല. നാൽക്കാലികളുടെയും സാമൂഹികവിരുദ്ധരുടെയും മദ്യപാനികളുടെയും താവളമാണ് ഇപ്പോൾ ഈ കെട്ടിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.