സർക്കാർ നൽകാനുള്ളത് 50 ലക്ഷം; വട്ടവടയിലെ കർഷകർ പട്ടിണിയിൽ
text_fieldsമൂന്നാർ: വട്ടവടയിലെ കർഷകരിൽനിന്ന് പച്ചക്കറി വാങ്ങിയ വകയിൽ സർക്കാർ നൽകാനുള്ളത് 50ലക്ഷത്തിലധികം രൂപ. കാലാവസ്ഥക്കൊപ്പം സർക്കാർ സംവിധാനങ്ങളും പ്രതികൂലമായതോടെ ആയിരത്തോളം കർഷക കുടുംബങ്ങൾ കടക്കെണിയിൽപെട്ട് പട്ടിണിയിലേക്ക്.
ശീതകാല പച്ചക്കറി ഉൽപാദനകേന്ദ്രമായ വട്ടവടയിലെ കർഷകർക്ക് വലിയ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് വിശ്വസിച്ച് സർക്കാർ ഏജൻസികളായ ഹോർട്ടികോർപ്പിനും വി.എഫ്.പി.സി.കെയിലും ഉൽപന്നങ്ങൾ നൽകിയ കർഷകരാണ് വെട്ടിലായത്. രണ്ടുവർഷത്തിനിടെ സർക്കാർ വാങ്ങിയ പച്ചക്കറികളുടെ പകുതി വിലപോലും നൽകിയിട്ടില്ല. വി.എഫ്.പി.സി.കെ മാത്രം 30 ലക്ഷം നൽകാനുണ്ട്. ഹോർട്ടികോർപ് നേരിട്ട് പച്ചക്കറി വാങ്ങിയ ഇനത്തിൽ 17 ലക്ഷം വേറെയും. ഈ വർഷം ഏപ്രിലിലും ഈ മാസവും പച്ചക്കറി നൽകിയ വകയിൽ മൂന്ന് ലക്ഷത്തോളം രൂപയും കിട്ടാനുണ്ട്. പലിശക്കെടുത്തും കടം വാങ്ങിയും കൃഷിചെയ്ത കർഷകരാണ് പ്രതിസന്ധിയിലായത്.
ഇവിടെ ഉൽപാദിപ്പിക്കുന്ന സെലക്ഷൻ ബീൻസ്, വെളുത്തുള്ളി, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, ബട്ടർ ബീൻസ് എന്നിവക്ക് ആവശ്യക്കാർ ഏറെയാണ്. മൂന്നുമാസമാണ് സാധാരണ കൃഷിയുടെ കാലാവധി.
വർഷത്തിൽ നാലുതവണ വരെ കൃഷിയിറക്കുന്നതാണ് പതിവ്. എന്നാൽ, ഇത്തവണ അത് മുടങ്ങും. വട്ടവടയിലെ കർഷകരെ സഹായിക്കാൻ സഹകരണസംഘം രൂപവത്കരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതുവഴി വായ്പ, വിത്ത്, വളം, വിപണി എന്നിവ ഉറപ്പാക്കുമെന്നായിരുന്നു വാഗ്ദാനം.
ഒന്നും നടക്കാതായതോടെ കർഷകർ തമിഴ്നാട്ടിൽനിന്നും അയൽഗ്രാമങ്ങളിൽനിന്നുമുള്ള മൊത്തക്കച്ചവടക്കാരെ ആശ്രയിക്കാൻ തുടങ്ങി. അവർ നൽകുന്ന വിത്തും വളവും ഉപയോഗിച്ചാണ് കൃഷി. അതുകൊണ്ടുതന്നെ അവർ പറയുന്ന വിലയ്ക്ക് വിൽക്കാൻ നിർബന്ധിതരാകുന്നു. സർക്കാർ ഏജൻസികൾ പച്ചക്കറി വാങ്ങുന്ന രീതിയിലും കർഷകർക്ക് അതൃപ്തിയുണ്ട്. ഒരാൾ ഉൽപാദിപ്പിക്കുന്ന മുഴുവൻ പച്ചക്കറിയും ഇവർ വാങ്ങില്ല. ഒരുതവണ 20 ചാക്ക് വിളവെടുക്കുന്ന കർഷകെൻറ രണ്ടുചാക്ക് മാത്രമാണ് ഹോർട്ടികോർപ് വാങ്ങുന്നത്. ബാക്കി തുച്ഛവിലയ്ക്ക് ലോബികൾക്ക് നൽകേണ്ടിവരും.
വട്ടവടയിലെ പച്ചക്കറിയും കാന്തല്ലൂരിലെ പഴവർഗങ്ങളും മൊത്തമായി വാങ്ങി സൂക്ഷിക്കാൻ 13 വർഷം മുമ്പ് മൂന്നാറിൽ കൃഷി വകുപ്പ് ശീതീകരിച്ച സംഭരണകേന്ദ്രം തുടങ്ങിയിരുന്നു. ഒരു കോടിയോളം രൂപ ചെലവിട്ട കെട്ടിടവും വാഹനവും ഉള്ളപ്പോഴാണ് കുറച്ചുമാത്രം വാങ്ങി ഇടത്തട്ടുകാരെ അധികൃതർ സഹായിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.