ഇടമലക്കുടിയോട് എന്തും ആകാമോ?
text_fieldsമൂന്നാർ: കാട്ടുവഴിയും നാട്ടുവഴിയും ഒരുപോലെ തകർന്ന കഥയാണ് മൂന്നാറിന് പറയാനുള്ളത്. ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള വനപാതയും ഉദുമൽപേട്ടയിലേക്കുള്ള അന്തർ സംസ്ഥാന പാതയും തകർന്നുകിടക്കുന്നതാണ് മൂന്നാറിെൻറ ശാപം.
മൂന്നാറിൽനിന്ന് 30 കി.മീ. അകലെ ഇടമലക്കുടി ആദിവാസി പഞ്ചായത്തിലേക്കുള്ള റോഡ് തകർന്നിട്ട് വർഷങ്ങളായി. പെട്ടിമുടി മുതൽ മുളകുതറക്കുടി വരെയുള്ള 22 കി.മീ. റോഡാണ് കൂടുതൽ ശോചനീയം. ഇവിടേക്ക് ഇപ്പോൾ വാഹനങ്ങൾ മാത്രമല്ല, കാൽനടപോലും അസാധ്യമാണ്. അടിയന്തരമായി ഒരാളെ ആശുപത്രിയിൽ എത്തിക്കാൻ പോലും ഇടമലക്കുടിയിലെ ആളുകൾക്ക് കഴിയാറില്ല. രണ്ട് മാസം മുമ്പ് കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിെട വെടിയേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാരും പൊലീസും ഏറെ പണിപ്പെട്ടു.
നാലര മണിക്കൂർകൊണ്ടാണ് നെഞ്ചിന് വെടിയേറ്റയാളെ ചുമന്ന് മൂന്നാറിലെത്തിച്ചത്. ആഗസ്റ്റിൽ നെഞ്ചുവേദനയെ തുടർന്ന് ഇടമലക്കുടി പഞ്ചായത്ത് അംഗം മരിക്കാൻ കാരണമായതും റോഡിെൻറ ശോച്യാവസ്ഥയാണ്.
റോഡിന് വനം വകുപ്പ് കനിയണം
ഇടമലക്കുടിയിലെ 26 കുടിയിലും യാത്രസൗകര്യം ഇല്ലാത്തതിനാൽ അപകടങ്ങളും ഏറെയാണ്. കുത്തനെയുള്ള കയറ്റവും പൊട്ടിപ്പൊളിഞ്ഞ വഴിയും മഴക്കാലത്തെ ചളിയുമെല്ലാം കാൽനടപോലും ദുസ്സഹമാക്കുന്നു.
ഇടമലക്കുടി പാക്കേജിെൻറ ഭാഗമായി പത്ത് കോടിയോളം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും വനം വകുപ്പിെൻറ അനുമതി ലഭിക്കാത്തതിനാൽ റോഡ് നിർമാണം നടക്കുന്നില്ല. മൂന്ന് മീറ്റർ വീതിയിൽ റോഡ് തെളിച്ചിട്ടിട്ടുണ്ടെങ്കിലും ഒരു മഴ പെയ്താൽ യാത്ര ചെയ്യാൻ കഴിയില്ല. അതുകൊണ്ടുതന്നെ അസുഖം വന്നാൽ അവിടെതന്നെ കിടക്കാനാണ് ഇടമലക്കുടി നിവാസികളുടെ വിധി. ഇടമലക്കുടി റോഡിെൻറ അവസ്ഥതന്നെയാണ് മറയൂരിലേക്കുള്ള അന്തർ സംസ്ഥാന പാതയുടേതും. നാല് മാസം മുമ്പ് ഉണ്ടായ കനത്ത മഴയിൽ ഈ റോഡ് ഇരുപതോളം ഭാഗത്ത് തകർന്നു.
പുഴയിലേക്ക് മണ്ണിടിഞ്ഞും മലയിടിഞ്ഞ് മണ്ണും കല്ലും റോഡിലേക്ക് വീണും പലയിടത്തും വാഹനയാത്ര ദുഷ്കരമാണ്. ചരക്ക് വാഹനങ്ങളും അന്തർ സംസ്ഥാന ബസ് സർവിസുകളും ധാരാളമുള്ള ഈ റോഡ് തകർന്നതിനാൽ യാത്രക്കാർ വലയുകയാണ്. സർക്കാർ തലത്തിൽ അടിയന്തര നടപടി സ്വീകരിച്ച് രണ്ട് റോഡും പുനർനിർമിക്കുന്നതും കാത്തിരിക്കുകയാണ് നാട്ടുകാർ.
പരമ്പര തയാറാക്കിയത്: അഫ്സൽ ഇബ്രാഹിം, കുഞ്ഞുമോൻ കൂട്ടിക്കൽ, തോമസ് ജോസ്, ധനപാലൻ മങ്കുവ, പി.കെ. ഹാരിസ്,വാഹിദ് അടിമാലി, പ്രീത് ഭാസ്കർ, ടി. അനിൽകുമാർ
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.