ഇടുക്കിയുടെ പ്രശ്നങ്ങൾ ഓരോന്നായി പരിഹരിക്കും -മന്ത്രി കെ. രാജൻ
text_fieldsമൂന്നാർ: ഇടുക്കിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒരോന്നായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ എന്ന് റവന്യൂ മന്ത്രി കെ. രാജൻ. ആനവിലാസത്തെ മൂന്നാറിന്റെ പ്രത്യേക പരിധിയില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. ജനുവരിയില്‍ തന്നെ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാർ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്കുള്ള ധനസഹായ രേഖകളുടെ വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഏലംകൃഷി നടന്നിരുന്ന സ്ഥലങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ സര്‍ക്കാറിന്റെ കാലയളവില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സി.എച്ച്.ആര് മേഖലയില്‍ 2036 ഹെക്ടര്‍ അടിയന്തര പ്രധാന്യത്തോടെ ജനങ്ങള്‍ക്ക് വീതിച്ചുനല്‍കാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും ഇടുക്കി കലക്ടറും ഉള്‍പ്പെടുന്ന ഉന്നതതല സമിതി ഫെബ്രുവരി മാസത്തിനകം യോഗംചേര്‍ന്ന് ഈ സ്ഥലങ്ങള്‍ തിരിക്കാനാവശ്യമായ മുഴുവന്‍ നടപടിക്രമങ്ങളും സ്വീകരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. ജില്ലയിലെ ചില പട്ടയപ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും ഒരുപോലെ കാണുന്ന സീമപനമായിരിക്കില്ല സര്‍ക്കാറിന്റേത്. സാധാരണക്കാരന് സ്വന്തമായി വീടുവെക്കാൻ നിലവിലെ ചട്ടങ്ങളിലോ നിയമങ്ങളിലോ മാറ്റം വേണ്ടിവന്നാല്‍ സര്‍ക്കാർ മടിക്കില്ലെന്നും മന്ത്രി പറഞ്ഞു. അഡ്വ. എ. രാജ എം.എല്‍.എ അധ്യക്ഷതവഹിച്ചു. വാഴൂര്‍ സോമന് എം.എല്‍.എ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഭവ്യ കണ്ണന്, മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.