എെൻറ ഇടുക്കി: തേയിലത്തോട്ടത്തിന് നടുവിലെ ബാല്യം
text_fieldsകേരള പൊലീസ് അക്കാദമി ഐ.ജി. കെ. സേതുരാമൻ ഇടുക്കിയെ കുറിച്ച് സംസാരിക്കുന്നു.
മൂന്നാർ ടാറ്റ ടീ എസ്റ്റേറ്റിലായിരുന്നു ബാല്യം. ജാതിമത ഭേദമന്യേ എല്ലാവരും തുല്യരായി ജീവിക്കുന്ന ഒരിടം കൂടിയായിരുന്നു അന്ന് തോട്ടങ്ങളിലെ ലയങ്ങൾ. 1973 ലാണ് ജനനം. നല്ല ഓർമകൾ മാത്രമാണ് എനിക്ക് മൂന്നാറിനെക്കുറിച്ചുള്ളൂ. ഇടുക്കി ജില്ല ജനിക്കുംമുമ്പ് ജില്ലയിലെ 23 ശതമാനം ആളുകളും അധിവസിച്ചിരുന്നത് തോട്ടം മേഖലയിലായിരുന്നു. നാടിന് നാലിലൊന്ന് വരുമാനം ഉണ്ടാക്കികൊടുത്തതും തോട്ടം മേഖല ഉൾപ്പെടുന്ന മൂന്നാറായിരുന്നു.
ഇവിടെ ചോലമല ഡിവിഷനിലാണ് ജനിക്കുന്നത്. എസ്റ്റേറ്റിലെ ലയത്തിലാണ് കളിച്ചു വളര്‍ന്നത്. അഞ്ചാം വയസ്സിൽ ചോലമല ഡിവിഷനിലെ ഏകാധ്യാപക വിദ്യാലയത്തിൽ ചേർന്നു. രണ്ട് ക്ലാസ് റൂമുകളും ഒരു മാഷും. പല ക്ലാസിലെ കുട്ടികൾ ഒന്നിച്ചിരിക്കുന്നതിനാൽ ടെക്സ്റ്റ് ബുക്കൊന്നും ഉണ്ടായിരുന്നില്ല.
ഒരു സ്ലേറ്റും പെൻസിലുമായിരുന്നു പഠനോപകരണങ്ങൾ. രണ്ടാം ക്ലാസ് കഴിഞ്ഞ് പെരിയവരൈ സ്കൂളിലെത്തി. അവിടെയും തമിഴിൽ തന്നെയായിരുന്നു പഠനം. നാലാം ക്ലാസ് കഴിഞ്ഞപ്പോൾ മൂന്നാർ ലിറ്റിൽ ഫ്ലവർ ഗേൾസ് സ്കൂളിൽ ഒരു വർഷം പഠിച്ചു. തന്റെ ജീവിതം മാറി മറിയുന്നത് എസ്റ്റേറ്റിലെ തൊഴിലാളിയായ രാമൻ നായരെ കണ്ടുമുട്ടിയപ്പോഴാണ്. അദ്ദേഹം നന്നായി തമിഴും മലയാളവും പറയും. എല്ലാ വിഷയത്തെക്കുറിച്ചും നല്ല അറിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രോത്സാഹനം വായനയുടെ ലോകത്തേക്ക് മിഴി തുറക്കാനിടയാക്കി. പിന്നീട് ഉദുമൽപ്പേട്ട് അമരാവതി നഗർ സൈനിക് സ്കൂളിൽ ആറാം ക്ലാസിൽ ചേർന്നു.
2003 ലാണ് സിവിൽ സർവിസ് എന്ന ലക്ഷ്യം നേടുന്നത്. പലതവണ ശ്രമിച്ചിട്ടും നിരാശ തോന്നാതെ നടത്തിയ പോരാട്ടമായിരുന്നു ആ വിജയം. പിന്നീട് ഒട്ടേറെ സ്ഥലങ്ങളിൽ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി എത്തി. അപ്പോഴും ജന്മനാട് നൽകിയ ജീവിത പാഠം മുറുകെപ്പിടിച്ചിരുന്നു.
പരസ്പരം ബഹുമാനിക്കാനറിയുന്നവരായിരുന്നു അന്നത്തെ ആളുകൾ. സ്നേഹവും തുല്യതയുമുള്ളവരായിരുന്നു അന്ന് തോട്ടങ്ങളിൽ ജീവിച്ചിരുന്നവർ. എനിക്ക് എന്തെങ്കിലും നല്ല സ്വഭാവമുണ്ടെങ്കില്‍ അതെല്ലാം ഞാന്‍ പഠിച്ചത് ലയങ്ങളില്‍ നിന്നാണ്. മറ്റുള്ളവരെ സ്നേഹിക്കാന്‍, സഹായിക്കാന്‍, അന്യന്റെ ദുഃഖവും നമ്മുടെ കൂടിയാണ്... എന്നൊക്കെ കരുതാൻ പഠിപ്പിച്ചത് ലയമാണ്. ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നാട് നേരിടുന്നുണ്ട്. കാർഷിക വരുമാനത്തിലും കുറവുണ്ട്. എന്റെ വേണ്ടപ്പെട്ടവരെയൊക്കെ അടക്കംചെയ്ത മണ്ണുകൂടിയായതുകൊണ്ട് നാട് പലപ്പോഴും മാടിവിളിക്കാറുണ്ട്. ആഗ്രഹം തോന്നുമ്പോഴൊക്കെ അതുകൊണ്ട് തന്നെ ജന്മനാട്ടിലേക്ക് ഓടിയെത്താറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.