മണ്ണിടിഞ്ഞും സംരക്ഷണ ഭിത്തി തകർന്നും അന്തർസംസ്ഥാന പാത അപകടഭീതിയിൽ
text_fieldsമൂന്നാർ: മണ്ണിടിഞ്ഞും സംരക്ഷണ ഭിത്തി തകർന്നും അന്തർസംസ്ഥാന പാതയുടെ ഭാഗമായ മൂന്നാർ-മറയൂർ റോഡിൽ അപകടം പതിയിരിക്കുന്നു. ഇരവികുളത്തേക്ക് വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കടന്നുപോകുന്ന പെരിയവരൈ, കന്നിമല ഭാഗങ്ങളാണ് ഏറ്റവും അപകടകരം. കന്നിമല ഫാക്ടറി കഴിഞ്ഞുള്ള കടലാർ എസ് വളവിൽ മലയിടിഞ്ഞ് വൻതോതിൽ മണ്ണും കല്ലും റോഡിന്റെ പകുതിവരെ വീണു. ആഴ്ചകൾക്ക് മുമ്പ് വീണുകിടക്കുന്ന മണ്ണ് നീക്കം ചെയ്യാൻ നടപടിയില്ല. കൊടുംവളവിലായതിനാൽ പെട്ടെന്ന് ഡ്രൈവർമാരുടെ കണ്ണിൽ പെടില്ലെന്നത് അപകട സാധ്യത വർധിപ്പിക്കുന്നു.
ഇതിന് 200 മീറ്റർ അപ്പുറത്താണ് സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡിന്റെ ഒരുവശം താഴ്ന്നത്. മരക്കമ്പുകൊണ്ട് വേലികെട്ടിയാണ് ഈ ഭാഗം തിരിച്ചിരിക്കുന്നത്. റോഡിന്റെ പകുതിയോളം അപകടാവസ്ഥയിലായതിനാൽ ഒറ്റവരി ഗതാഗതമാണ് ഇവിടെ. വളവായതിനാൽ പെട്ടെന്ന് ഡ്രൈവർമാർക്ക് കാണാൻ കഴിയില്ല. പെരിയവരൈ പാലത്തിന് സമീപം 50 മീറ്ററോളം ഭാഗം വൻ കുഴികൾ നിറഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്നതും അപകടത്തിന് കാരണമാകും. രണ്ടാഴ്ച മുമ്പ് രാത്രി വിനോദസഞ്ചാരികളുടെ വാഹനം ഈ ഭാഗത്ത് തലകീഴായി മറിഞ്ഞിരുന്നു. മൂന്നാറിൽനിന്ന് വിനോദ സഞ്ചാരികൾ ഇരവികുളം ഉദ്യാനത്തിലേക്ക് പോകുന്നത് ഇതുവഴിയാണ്. നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. മൂന്നാർ-ഉദുമൽപേട്ട സംസ്ഥാനാന്തര പാത കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.