പെട്ടിമുടിയിൽ സ്നേഹക്കാഴ്ചയൊരുക്കിയ 'കുവിയെ' പളനിയമ്മക്ക് പിരിഞ്ഞിരിക്കാനാവില്ല; തിരിച്ചുനൽകി പൊലീസ്
text_fieldsമൂന്നാര്‍: കുവീ.... എട്ടുമാസം മുമ്പ് കേട്ട ആ ശബ്ദത്തിെൻറ ഉടമയുടെ അരികിലേക്ക് 'കുവി'യെന്ന നായ ഒാടിയെത്തി. യജമാനനെ തിരിച്ചറിഞ്ഞപ്പോഴുള്ള വാത്സല്യപ്രകടനം കണ്ടുനിന്നവരുടെ ഹൃദയം തൊട്ടു. പെട്ടിമുടി ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് വേദനയുടെ മുറിപ്പാടുകളുമായി കഴിയുന്ന പളനിയമ്മയുടെ വിളി കാത്തിരുന്നതുപോലായിരുന്നു കുവിയുടെ സ്നേഹപ്രകടനം.
ദുരന്തം നടന്ന് എട്ട് മാസങ്ങള്‍ക്കുശേഷമാണ് കുവി വീണ്ടും ഉടമയുടെ അടുക്കൽ എത്തുന്നത്. പെട്ടിമുടി ദുരന്തത്തിെൻറ ഹൃദയഭേദക കാഴ്ചകള്‍ക്കിടയില്‍ കുവിയെന്ന നായ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാന്‍ സഹായിച്ചതും പിന്നീട് ഭക്ഷണം കഴിക്കാതെ അവശനിലയിലായ നായയെ പൊലീസ് ഏറ്റെടുത്ത് കൊണ്ടുപോയതുമെല്ലാം അപൂർവ സ്നേഹക്കാഴ്ചയായി വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
പെട്ടിമുടി ദുരന്തശേഷം നാലാം ദിവസം ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും കാണാതായവര്‍ക്ക് തിരച്ചില്‍ തുടരുന്ന സമയത്താണ് കുവി നിര്‍ത്താതെ കുരക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിലാണ് പുഴയില്‍ വീണു കിടന്ന മരത്തില്‍ തങ്ങിയ നിലയില്‍ രണ്ടു വയസ്സുകാരി ധനുഷ്കയുടെ (തനു) മൃതദേഹം കണ്ടത്. തന്നോടൊപ്പം കളിച്ചു ചിരിച്ചു നടന്ന കൂട്ടുകാരിയുടെ വേർപാട് കുവിക്ക് താങ്ങാനായില്ല. ഭക്ഷണം കഴിക്കാതെ അവശനിലയിൽ കിടന്നു. തുടർന്ന് ഇടുക്കി ജില്ല പൊലീസ് സേനയിലെ ശ്വാനപരിശീലകൻ അജിത് മാധവന് കുവിയെ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചു.
മേലുദ്യോഗസ്ഥരുടെ അനുമതിയോടെ ആഗസ്റ്റ് 20ന് കുവി പൊലീസിനൊപ്പം മലയിറങ്ങി. ദുരന്തശേഷം ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന പളനിയമ്മ കുവിയെ വീണ്ടുകിട്ടാൻ ഡി.ജി.പിക്ക് അപേക്ഷ നൽകി. ഡി.ജി.പിയുടെ നിർദേശ പ്രകാരം നായ പരിശീലന സംഘത്തിെൻറ ഭാഗമായ എസ്.ഐ റോയ് തോമസ്, പരിശീലകരായ സജി ജോണ്‍, രാജീവ്, ജെറി ജോണ്‍, ഡയസ്.പി.ജോസ് എന്നിവരടങ്ങുന്ന സംഘം വെള്ളിയാഴ്ച കുവിയെ മൂന്നാറിലെത്തിച്ചു. ഡിവൈ.എസ്.പി ആര്. സുരേഷ് പളനിയമ്മക്ക് കൈമാറി. മൂന്നാര്‍ എസ്.ഐ എം.സൂഫി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എട്ടു മാസത്തോളം പരിപാലിച്ച ഉദ്യോഗസ്ഥർ മടങ്ങുേമ്പാഴും കുവി സ്നേഹപ്രകടനം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.