ലൈഫ് പദ്ധതി: ദേവികുളത്ത് സി.പി.എം എം.എൽ.എക്കെതിരെ സി.പി.ഐ
text_fieldsമൂന്നാർ: എ. രാജ എം.എൽ.എക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ രംഗത്ത്. തോട്ടം തൊഴിലാളികളും പിന്നാക്ക വിഭാഗക്കാരും വസിക്കുന്ന മൂന്നാർ, ദേവികുളം പഞ്ചായത്തുകളിൽ സർക്കാറിന്റെ ലൈഫ് ഭവനപദ്ധതിക്ക് സ്ഥലം എം.എൽ.എ എതിരു നിൽക്കുന്നുവെന്നും നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് എ. രാജ എം.എൽ.എ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ളവർക്കു കത്തുനൽകിയെന്നുമാണ് സി.പി.ഐയുടെ ആരോപണം.
മൂന്നാർ, ദേവികുളം പഞ്ചായത്തുകൾ സി.പി.ഐ ഭരിച്ച കാലത്ത് വീടുവെക്കാൻ ഭൂമി വാങ്ങിയതിൽ അഴിമതി നടന്നെന്ന് എം.എൽ.എ ആരോപിച്ചിരുന്നു. എന്നാൽ, തട്ടിപ്പു നടത്തിയത് സി.പി.എം പഞ്ചായത്ത് അംഗങ്ങളാണെന്നും ഇക്കാര്യം അന്വേഷിക്കാതെ വ്യാജപ്രചാരണം നടത്തുകയാണ് രാജയെന്നും സി.പി.ഐ നേതൃത്വം ആരോപിക്കുന്നു.
നിർമാണം പൂർത്തിയാക്കി രണ്ടുമാസത്തിനകം സൈലന്റ്വാലി, ലക്ഷ്മി റോഡുകൾ തകർന്ന സംഭവത്തിൽ എ. രാജ എം.എൽ.എ കരാറുകാരനെ സംരക്ഷിക്കുന്നുവെന്ന ആരോപണവും സി.പി.ഐ നേതാക്കൾ ഉന്നയിക്കുന്നു. റോഡ് നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ട്.
കരാറുകാരനെതിരെ നടപടിയെടുക്കണമെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് സി.പി.ഐ സമരം. എന്നിരിക്കെ എം.എൽ.എ സത്യസന്ധമല്ലാത്ത നിലപാടെടുത്ത് സി.പി.ഐയെ മോശമാക്കാൻ ശ്രമിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.
സി.പി.ഐ ആരോപണം ഇങ്ങനെ: ‘മൂന്നാറിൽ ഈയിടെ നിർമിച്ച റോഡുകളെല്ലാം തകർന്നതിൽ പ്രതിഷേധിച്ച് സി.പി.ഐ സമരങ്ങൾ നടത്തിയതിലുള്ള വൈരാഗ്യമാണ് എം.എൽ.എക്ക്. സമരം നടത്തിയ സി.പി.ഐ നേതാക്കൾക്കെതിരെ എം.എൽ.എ ഇടപെട്ട് കേസെടുപ്പിച്ചു.
എല്ലാ റോഡുകളും നിർമിച്ചത് ഒരു കരാറുകാരനാണ്. കരാറുകാരനുമായി എം.എൽ.എക്കുള്ള ബന്ധമാണ് സി.പി.ഐക്കെതിരെ തിരിയാൻ കാരണം. സമരം ചെയ്ത സി.പി.ഐ പഞ്ചായത്ത് അംഗങ്ങളെ എം.എൽ.എ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയാണ്.
കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിലും എം.എൽ.എ കരാറുകാരനുവേണ്ടി വക്കാലത്തുമായി വന്നു. മൂന്നാറിൽ മുന്നണി ബന്ധം തകർക്കാൻ എം.എൽ.എ ഗൂഢാലോചന നടത്തുകയാണ്’.
ഇക്കാര്യത്തിൽ എം.എൽ.എ മാപ്പ് പറയണമെന്നു സി.പി.ഐ ജില്ല അസി. സെക്രട്ടറി പി. പളനിവേൽ, മണ്ഡലം സെക്രട്ടറി ടി. ചന്ദ്രപാൽ, അസി. സെക്രട്ടറി എസ്.എം. കുമാർ, പി. കാമരാജ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.