സഞ്ചാരികളിൽ കൗതുകം നിറച്ച് ആനവണ്ടി പോലൊരു വിശ്രമകേന്ദ്രം
text_fieldsമൂന്നാർ: മൂന്നാറിലേക്ക് മലകയറി വരുന്നവർക്ക് ഭക്ഷണം കഴിച്ച് വിശ്രമിക്കാൻ പള്ളിവാസലിൽ തയാറാക്കിയിരിക്കുന്ന വിശ്രമകേന്ദ്രം വിനോദസഞ്ചാരികൾക്ക് കൗതുകമാകുന്നു. ദേശീയ പാതയോരത്ത് കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസ് മാതൃകയിലുള്ള പിങ്ക് കഫേ വിശ്രമകേന്ദ്രമാണ് ഭംഗിയും വൃത്തിയുംകൊണ്ട് ശ്രദ്ധാകേന്ദ്രമാകുന്നത്.
വിനോദസഞ്ചാര വികസനത്തിെൻറ ഭാഗമായി സർക്കാർ നടപ്പാക്കിയ ടേക് എ ബ്രേക് പദ്ധതിയിൽ പള്ളിവാസൽ പഞ്ചായത്ത് നിർമിച്ചതാണ് ഈ വഴിയോര വിശ്രമകേന്ദ്രം. വഴിയരികിൽ കിടക്കുന്ന ബസാണെന്നാണ് ഒറ്റനോട്ടത്തിൽ തോന്നുക. എന്നാൽ, അടുത്തു കാണുമ്പോഴാണ് വലിയ സൗകര്യങ്ങളുള്ള വിശ്രമകേന്ദ്രമാണെന്ന് ബോധ്യപ്പെടുന്നത്.
ഒരുഭാഗത്ത് ഭക്ഷണസാധനങ്ങളുടെ വിതരണ കേന്ദ്രമാണ്. ആധുനിക രീതിയിലുള്ള ശൗചാലയവും സാനിറ്ററി നാപ്കിൻ നിക്ഷേപിക്കാനുള്ള സൗകര്യവമടക്കം ഇവിടെയുണ്ട്. എട്ടര ലക്ഷം രൂപയാണ് ചെലവ്. ഓരോ വാർഡിൽനിന്ന് രണ്ടുപേരെ വീതം ഉൾപ്പെടുത്തി രൂപവത്കരിച്ച പത്ത് അംഗ ഹരിത കർമ സേനയാണ് കേന്ദ്രം നടത്തുന്നത്. ഈ മാസം 13ന് ആരംഭിച്ച വിശ്രമകേന്ദ്രത്തിൽ നാടൻ ഭക്ഷണങ്ങൾക്കാണ് പ്രാധാന്യം.
കപ്പയും കാന്താരിയും ചേന, ചേമ്പ്, പായസം എന്നിവയും മുഴുസമയവും വിതരണം ചെയ്യുന്നുണ്ടെന്നും മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നും ഹരിത കർമ സേന പ്രസിഡൻറ് ഇന്ദിര പറഞ്ഞു. പിങ്ക് കഫേ കണ്ട് കൗതുകം തോന്നി ഇറങ്ങുന്നവരെല്ലാം ഭക്ഷണവും കഴിച്ചാണ് മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.