കാട്ടാനശല്യം ഭയന്ന് പാറപ്പുറത്ത് കുടിൽ കെട്ടിയ കുടുംബത്തിന് സഹായവുമായി മന്ത്രി
text_fieldsമൂന്നാർ: കാട്ടാനയിൽനിന്ന് ജീവൻ രക്ഷിക്കാൻ പാറപ്പുറത്ത് ഷെഡ് കെട്ടി ജീവിച്ച അമ്മക്കും മകനും മന്ത്രിയുടെ സഹായഹസ്തം. ചിന്നക്കനാല്‍ പഞ്ചായത്തിലെ 301 കോളനിയിലെ മാങ്കുഴിയിൽ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലക്കും ഓട്ടിസം ബാധിച്ച മകന് സനലിനുമാണ് മന്ത്രി എം.വി. ഗോവിന്ദെൻറ സഹായമെത്തിയത്.
ചിന്നക്കനാല്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ വിമലയുടെയും മകന് സനലിെൻറയും ജീവിതദൈന്യത നേരേത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താമസിക്കുന്ന വീട് കാട്ടാന നശിപ്പിച്ചതിനെത്തുടര്‍ന്നാണ് പാറക്ക് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് ഷെഡുണ്ടാക്കി വിമലയും സനലും കഴിഞ്ഞിരുന്നത്. മകെൻറ ചികിത്സയും മുടങ്ങിയിരുന്നു. വൃക്കരോഗിയായതിനാലും മകനെ സംരക്ഷിക്കേണ്ടതിനാലും ജോലിക്ക് പോകാനും വിമലക്ക് സാധിച്ചിരുന്നില്ല.
2001ൽ സർക്കാർ ഭൂമി വിതരണം ചെയ്ത മേഖലയാണ് 301 കോളനി. വിമലക്കൊപ്പം പതിമൂന്നിലധികം പേർക്ക് ഈ ഭാഗത്ത് ഭൂമി ലഭിച്ചു. എന്നാൽ, കാട്ടാനകളുടെ നിരന്തര ആക്രമണം മൂലം പലരും ഭൂമി ഉപേക്ഷിച്ച് പോയി. ഓട്ടിസം ബാധിച്ച മകനെയുംകൊണ്ട് പോകാനിടമില്ലാത്ത വിമല മാത്രം പിടിച്ചുനിന്നു. എന്നാൽ, അവസാന ഷെഡും കാട്ടാന തകർത്തതോടെയാണ് അടുത്തുള്ള പാറപ്പുറത്തേക്ക് മകെനയുംകൊണ്ട് കയറിയത്. കാട്ടുകമ്പ് ചേർത്തുെവച്ച് കെട്ടിയുണ്ടാക്കിയ കോണിയിലൂടെയാണ് അമ്മയും മകനും പകൽ പുറത്തിറങ്ങുന്നത്.
വിവരം ശ്രദ്ധയിൽപെട്ട മന്ത്രി വിമലക്ക് സ്ഥലവും വീടും സമയബന്ധിതമായി നല്കാൻ ഇടപെടുകയായിരുന്നു. ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡൻറ് സിനി ബേബി, സെക്രട്ടറി, എസ്.ടി പ്രമോട്ടര്‍ എന്നിവര്‍ വിമലയെ സന്ദര്‍ശിച്ച് കാര്യങ്ങൾ വിലയിരുത്തി. തുടർന്ന് മന്ത്രിയുടെ നിര്‍ദേശപ്രകാരം പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടർ എം.പി. അജിത് കുമാറും തിരുവനന്തപുരത്തുനിന്ന് ചിന്നക്കനാലിൽ എത്തി വിമലയുടെ വീട് സന്ദര്‍ശിച്ചു. വാച്ചർ കാളിയുടെ ഉടമസ്ഥതയിെല വീട്ടിലേക്ക് വിമലയെയും മകനെയും താല്‍ക്കാലികമായി മാറ്റിത്താമസിപ്പിച്ചു. പുതിയ കട്ടിലും കിടക്കയും പുതിയ വസ്ത്രങ്ങളും ഇവർക്ക് വാങ്ങി നല്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിമലക്ക് വീട് ലഭ്യമാക്കാനുള്ള നടപടിയും ആരംഭിച്ചു. രോഗാവസ്ഥയിലുള്ള മകന് ചികിത്സ ഉറപ്പാക്കുന്ന തരത്തില്‍കൂടി സംരക്ഷണം നൽകാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.