തലയുയർത്തി ചർച്ചിൽ പാലം...
text_fieldsമൂന്നാർ: 80 വർഷം പിന്നിട്ടിട്ടും യുവത്വത്തോടെ തലയുയർത്തി നിൽക്കുന്ന ചർച്ചിൽ പാലവും അതിന് സമാന്തരമായി ഒമ്പത് വർഷം മുമ്പ് നിർമിച്ച മഴവിൽപാലവും മൂന്നാറിന്റെ പഴമയുടെയും പുതുമയുടെയും പ്രതീകമാകുന്നു. 1924ലെ മഹാപ്രളയത്തിനുശേഷം ബ്രിട്ടീഷുകാർ പണിതുയർത്തിയ മൂന്നാർ പട്ടണത്തിൽ പ്രളയാനന്തരം 20 വർഷത്തിനുശേഷം 1944ലാണ് മുതിരപ്പുഴയാറിന് കുറുകെ രണ്ടടി വീതിയിൽ ആട്ടുപാലം നിർമിച്ചത്.
അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിന്റെ ബഹുമാനാർഥം ചർച്ചിൽ പാലം എന്ന് പേരുമിട്ടു. കാലപ്പഴക്കം ബാധിച്ചതോടെ 1984 ആട്ടുപാലം പൊളിച്ച് അതേ തൂണുകളിൽ അതേ വീതിയിൽ കോൺക്രീറ്റ് പാലം പണിതു. ടൂറിസം വികസിച്ചതോടെ ഈ പാലത്തിൽ കാൽനടക്കാരുടെ തിരക്ക് വർധിച്ചതിനെ തുടർന്നാണ് ഇതിന് സമാന്തരമായി മൂന്ന് മീറ്റർ വീതിയിൽ മറ്റൊരു പാലം നിർമിച്ചത്. കൊച്ചി മറൈൻഡ്രൈവിലെ മഴവിൽപാലത്തിന്റെ മാതൃകയിലാണ് ഇത് നിർമിച്ചത്. നിർമാണത്തിന് ശേഷം അറ്റകുറ്റപ്പണിയൊന്നും നടത്താതെ ഈ പാലം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. ഇരുമ്പ് തൂണുകളും ഗർഡറുകളും തുരുമ്പിച്ച് തകർന്ന് വീഴാറായ സ്ഥിതിയിലാണ്.
എന്നാൽ, ഇതിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന, 80 പിന്നിട്ട ചർച്ചിൽ പാലമാകട്ടെ ഒരു അറ്റകുറ്റപ്പണിയുടെയും ആവശ്യമില്ലാതെ ഇന്നും ബലവത്തോടെ നിൽക്കുന്നു. ഒമ്പത് വർഷം പിന്നിട്ട മഴവിൽ പാലത്തെക്കാൾ കാൽനടക്കാർ ആത്മവിശ്വാസത്തോടെ ആശ്രയിക്കുന്നതും പഴമ പേറുന്ന ചർച്ചിൽ പാലത്തെ തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.