99ലെ പ്രളയത്തിന് 100 വയസ്സ്; തകർന്നത് മൂന്നാർ
text_fieldsമൂന്നാർ: 100 വർഷം മുമ്പ് ഇതുപോലൊരു ജൂലൈയിൽ മൂന്നാർ ഇങ്ങനെയായിരുന്നില്ല. തുള്ളിതോരാത്ത ഒരു മഹാപ്രളയത്തിൽ ആ പട്ടണം ഒലിച്ചുപോയി. 1924 ജൂലൈ 14ന് ആയിരുന്നു പഴമക്കാർ 99ലെ വെള്ളപ്പൊക്കം എന്നു വിളിക്കുന്ന ആ പ്രളയപ്പെയ്ത്തിന്റെ തുടക്കം. ജൂലൈ 19 ആയപ്പോഴേക്കും പ്രളയമെത്തി. കൊല്ലവർഷം 1099 കർക്കടകത്തിൽ ഉണ്ടായതിനാലാണ് 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്നത്. നിരവധി സൗകര്യങ്ങളുണ്ടായിരുന്ന പഴയ മൂന്നാർ പട്ടണത്തിന്റെ അന്ത്യം കൂടിയായിരുന്നു ഈ പ്രളയം.
അന്ന് പെട്ടെന്നാണ് മഴയുടെ രൂപവും ഭാവവും മാറിയത്. മഴ കനത്തതോടെ തൊഴിലാളികൾ പണി അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി. ദിവസങ്ങൾ നീണ്ട പ്രളയമായിരുന്നു പിന്നീട് കണ്ടത്. പ്രളയം മൂന്നാറിലെ പൂർണമായി തകർത്തു. ബ്രിട്ടീഷ് ഭരണകാലത്തെ നിർമിതികളും റെയിൽവേയും മൂന്നാർ പട്ടണവും ഓർമയായി. കനത്ത മഴയെ തുടർന്നുണ്ടായ മലയിടിച്ചിലിൽ പെരിയവരൈയിലും മാട്ടുപ്പെട്ടിയിലും രണ്ട് കൃത്രിമ തടാകം രൂപപ്പെട്ടു.
ഇതോടെ ഈ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പിന്നാലെ ഇവ രണ്ടും തകർന്നതോടെ വലിയ മലവെള്ളപ്പാച്ചിലുണ്ടായി. ഇതേതുടർന്ന് മറ്റൊരു വൻമല ഇടിഞ്ഞ് ഹെഡ്വർക്സ് ഡാമിന് സമീപത്ത് പതിച്ചതോടെ മുതിരപ്പുഴയാർ പൂർണമായും തടസ്സപ്പെട്ടു. ഇതോടെയാണ് ജലനിരപ്പുയർന്ന് മൂന്നാർ മേഖല പൂർണമായി വെള്ളത്തിൽ മുങ്ങിയത്. മഴ കൂടുതൽ ശക്തമായതോടെ പ്രദേശത്തെ പാലങ്ങളെല്ലാം തകർന്നു. ഇതോടെ വിവിധ എസ്റ്റേറ്റുകൾ ഒറ്റപ്പെട്ട നിലയിലായി. തൊഴിലാളി ലയങ്ങൾ പലതും ഒലിച്ചുപോയി.
ഇപ്പോഴത്തെ കെ.ഡി.എച്ച്.പി ഹെഡ് ക്വാർട്ടേഴ്സ് സമീപമുള്ള അന്നത്തെ സർക്കാർ പാലം തകർന്നതോടെ മൂന്നാർ പുറംലോകത്തുനിന്ന് പൂർണമായും ഒറ്റപ്പെട്ടു. ബ്രിട്ടീഷുകാർ നിർമിച്ച വൻ കെട്ടിടങ്ങൾ തകർന്നടിഞ്ഞു. ഇന്ത്യയിലെ ആദ്യ മോണോറെയിൽ ആയിരുന്ന കുണ്ടള വാലി റെയിൽവേ നാമാവശേഷമായി. മൂന്നാറിൽ നിന്ന് ടോപ് സ്റ്റേഷൻ വരെയായിരുന്നു ബ്രിട്ടീഷുകാർ തീവണ്ടി പാത സ്ഥാപിച്ചത്. ശക്തമായ മഴയിൽ ഇത് ഭൂരിഭാഗവും ഒലിച്ചുപോയി. മുതിരപ്പുഴയാറിന് തീരത്തെ മൂന്നാർ ഫാക്ടറി, ആംഗ്ലോ തമിഴ് സ്കൂൾ, മൂന്നാർ സപ്ലൈ അസോസിയേഷൻ (എം.എസ്.എ) എന്നിവയും ഇല്ലാതായി.
മരിച്ചവരുടെ എണ്ണം കൃത്യമായി കണക്കാക്കാനായില്ല
15ന് കല്ലാർ എസ്റ്റേറ്റിൽ 21.13 ഇഞ്ച്, രാജമലയിൽ 30 ഇഞ്ച്. 16ന് ഇത് 286.6 ആയി ഉയർന്നു. ജൂലൈ 15 മുതൽ 25 വരെ മൂന്നാർ മേഖലയിൽ 2023.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി എന്നാണ് കണക്ക്. അന്നത്തെ കമ്പനി മാനേജർ ആയിരുന്ന ഗ്രോലി ബോയ്ഡിന്റെ കുറിപ്പുകളും ഇത് ശരിവെക്കുന്നു.
പ്രളയത്തെ തുടർന്ന് നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ജീവനോപാധികൾ പൂർണമായും ഇല്ലാതായി. മൂന്നാറിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചവരുടെ എണ്ണം പോലും കൃത്യമായി കണക്കാക്കാനായിട്ടില്ല. കേരളമാകെ മഴ പ്രളയമായെങ്കിലും ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് മൂന്നാറിലാണ്. മേഖലയിലെ ഭൂരിഭാഗം എസ്റ്റേറ്റുകളും ഒറ്റപ്പെട്ട് പരസ്പരം വിവരങ്ങൾ അറിയിക്കാൻ പോലുമാകാതായതും ചരിത്രം.
ഒരു കിലോമീറ്റർ മാറി ഇന്നത്തെ മൂന്നാർ
ബ്രിട്ടീഷ് ഭരണകാലത്ത് വലിയൊരു പട്ടണമായിരുന്ന മൂന്നാർ ശ്മശാനഭൂമിയായി മാറിയതാണ് പ്രളയത്തിൽ കണ്ടത്. ബ്രിട്ടീഷുകാർ നിർമിച്ച ആധുനിക പട്ടണങ്ങളോട് കിടപിടിക്കുന്ന സൗകര്യമെല്ലാം ഓർമയായി. പിന്നീട് കണ്ണൻ ദേവൻ കമ്പനിയാണ് മൂന്നാറിന്റെ ഉയിർത്തെഴുന്നേൽപ്പിന് കാരണമായത്. കമ്പനിയുടെ മാട്ടുപ്പെട്ടിയിലെ ആസ്ഥാനം മൂന്നാറിലേക്ക് മാറ്റി. ടൗൺ പുനർനിർമിച്ചു.
തകർന്ന റെയിൽവേക്ക് പകരമായി ലോറി സർവിസ് തുടങ്ങി. പിന്നീട് ചരക്ക് നീക്കത്തിനായി റോപ്പ് വേ സംവിധാനവും സ്ഥാപിച്ചു. യന്ത്രസാമഗ്രികൾ ഇറക്കുമതി ചെയ്ത് പുതിയ തേയില ഫാക്ടറികൾ സ്ഥാപിച്ചു. 1926ൽ മൂന്നാർ തേയില ഫാക്ടറി കെട്ടിടത്തിൽ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു. 1918ൽ സ്ഥാപിച്ച ആംഗ്ലോ തമിഴ് സ്കൂൾ പ്രളയത്തിൽ തകർന്നെങ്കിലും പിന്നീട് പുനർനിർമിച്ചു. സ്കൂൾ പിന്നീട് സർക്കാർ ഏറ്റെടുത്തു. 1947ൽ രാജ്യത്തെ ആദ്യ ആർച്ച് ഡാം കുണ്ടളയിൽ നിലവിൽവന്നു. പിന്നീട് മാട്ടുപ്പെട്ടി ഡാമും പണി പൂർത്തിയാക്കി.
കാലം മാറിയതോടെ വിനോദസഞ്ചാര മേഖലയിൽ മൂന്നാർ വൻ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. 1877ൽ കണ്ണൻ ദേവൻ മല ജോൺ മൺറോ പാട്ടത്തിനെടുത്ത കാലം മുതലാണ് മൂന്നാറിന്റെ ചരിത്രം. 1894 ൽ തേയിലത്തോട്ടം ഫിൻലെ കമ്പനിയുടെ ഉടമസ്ഥതയിലേക്ക് മാറുന്നതോടെയാണ് മൂന്നാറിന്റെ പുതിയമുഖം ദർശിക്കാനായത്. പ്രളയത്തിൽ തകർന്നുപോയ ഭാഗത്തുനിന്ന് ഒരു കിലോമീറ്റർ മാറി പുനർനിർമിച്ചതാണ് ഇന്നു കാണുന്ന മൂന്നാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.