സന്ദർശകത്തിരക്കിൽ മൂന്നാർ
text_fieldsമൂന്നാർ: മധ്യവേനൽ അവധിക്കാലം കഴിഞ്ഞ് മൻസൂണിന് തുടക്കമായിട്ടും മൂന്നാറിലേക്ക് സഞ്ചാരികളുടെ നിലക്കാത്ത പ്രവാഹം. പ്രളയവും കോവിഡും നാശംവിതച്ച മൂന്നാർ ടൂറിസം മേഖല ഈ വർഷം അതിന്റെ പ്രതാപം വീണ്ടെടുക്കുന്ന വിധത്തിലായിരുന്നു സഞ്ചാരികളുടെ തിരക്ക്. ഏപ്രിൽ, മേയ് മാസങ്ങളിലാണ് മൂന്നാറിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത്.
മേയ് അവസാനംവരെ ആ ഒഴുക്ക് തുടരുന്നതാണ് രീതി. എന്നാൽ, ഇക്കുറി ജൂൺ പിറന്നിട്ടും സന്ദർശകത്തിരക്കിൽ വീർപ്പുമുട്ടുകയാണ് മൂന്നാർ. റോഡുകളിൽ എവിടെയും ഗതാഗതക്കുരുക്ക്. റിസോർട്ടുകളും ലോഡ്ജുകളുമെല്ലാം ദിവസവും ഫുൾ. ഭക്ഷണശാലകളിൽപോലും ക്യൂ നിൽക്കേണ്ട അവസ്ഥ. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര സീസനാണ് മൂന്നാറിൽ കടന്നുപോകുന്നത്. മേയിൽ നടന്ന പുഷ്പമേളയും മൂന്നാർ മേളയും സഞ്ചാരികളുടെ എണ്ണം വർധിക്കാൻ കാരണമായി.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ള ബൊട്ടാണിക്കൽ ഉദ്യാനം ഏപ്രിലിൽ 28,040 പേർ സന്ദർശിച്ചപ്പോൾ പുഷ്പമേള നടന്ന മേയിൽ ഇവിടെയെത്തിയത് 1,16,133 പേരാണ്. വരയാടുകളുടെ ആവാസമേഖലയായ രാജമലയിൽ ഏപ്രിലിൽ 70,535 പേരും മേയിൽ അവസാനത്തെ രണ്ടുദിവസത്തെ കണക്കൊഴിച്ചാൽ 99,818 പേരും സന്ദർശനം നടത്തി. ഇവിടെ ഒരു ദിവസം പ്രവേശിപ്പിക്കാവുന്ന സന്ദർശകരുടെ എണ്ണത്തിന് പരിമിതിയുള്ളതിനാൽ ഒട്ടേറെപ്പേർക്ക് പ്രവേശനം ലഭിക്കാതെ മടങ്ങേണ്ടിവന്നു. പൊലീസും ടൂറിസം വകുപ്പും ഇക്കാലയളവിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചു. സഞ്ചാരികളുടെ വർധനക്ക് അനുസരിച്ച് മാലിന്യനിക്ഷേപത്തിൽ പതിൻമടങ് വർധനയുണ്ടായെങ്കിലും മാലിന്യനിർമാർജനത്തിൽ പ്രശംസനീയ പ്രവർത്തനമാണ് പഞ്ചായത്തും കാഴ്ചവെച്ചത്. പരിമിതമായ സൗകര്യങ്ങളിലേക്ക് ലക്ഷക്കണക്കിന് ടൂറിസ്റ്റുകൾ എത്തിയിട്ടും യാതൊരു അനിഷ്ടം സംഭവങ്ങളോ സന്ദർശകർക്ക് അലസോരമാവുന്ന സംഭവങ്ങളോ ഈ സീസണിൽ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
ഇക്കുറി മൺസൂൺ ടൂറിസവും പ്രതീക്ഷ നൽകുന്നതായി ഈ മേഖലയിലുള്ളവർ പറയുന്നു. അറബികളാണ് മൺസൂൺ ആസ്വദിക്കാൻ എത്തുന്ന വിദേശികളിൽ ഏറെയും. വ്യാപാരമേഖലക്കും ഉണർവ് പകരുന്നതാണ് ഇവരുടെ സന്ദർശനം.
മാട്ടുപ്പെട്ടിയിൽ ബോട്ടുകൾ കട്ടപ്പുറത്ത്; നഷ്ടം കോടികൾ
മൂന്നാർ: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മാട്ടുപ്പെട്ടിയിൽ ബോട്ടുകൾ കട്ടപ്പുറത്ത്. ഇതിലൂടെ സർക്കാറിന് നഷ്ടം കോടികൾ. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് ഇവിടെ നാലു സ്പീഡ് ബോട്ടും 10 സീറ്റിന്റെയും 20 സീറ്റിന്റെയും ഒന്നുവീതം ബോട്ടുകളുമാണുള്ളത്.
ഇതിൽ മൂന്ന് സ്പീഡ് ബോട്ടുകൾ യന്ത്രത്തകരാർ മൂലം നിർത്തിയിട്ടിരിക്കുകയാണ്. ഒരുമാസം മുമ്പ് തകരാർ പരിഹരിക്കാൻ കൊണ്ടുപോയ ഇവയുടെ യന്ത്രങ്ങൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. 10 സീറ്റ് ബോട്ടും യന്ത്രത്തകരാർ നിമിത്തം ഓടാതെ കിടക്കുന്നു.
സഞ്ചാരികൾ ഒഴുകിയെത്തിയ ഈ സീസണിൽ ഒരു സ്പീഡ് ബോട്ടും ഒരു 20 സീറ്റ് ബോട്ടും മാത്രമാണ് ഇവർക്ക് പ്രവർത്തിപ്പിക്കാനായത്. എന്നിട്ടും രണ്ടു മാസത്തിനിടെ 17 ലക്ഷം രൂപ വരുമാനമുണ്ടാക്കാനായി. മറ്റ് ബോട്ടുകൾകൂടി ഓടിയിരുന്നെങ്കിൽ ഇതിന്റെ അഞ്ചിരട്ടിയെങ്കിലും വരുമാനം നേടാമായിരുന്നു. ഹൈഡൽ ടൂറിസത്തിന്റെ നാല് സ്പീഡ് ബോട്ടുകൾ സർവിസ് നടത്തുന്നുണ്ട്. മാർച്ചിൽ ഇവർ നാല് സ്പീഡ് ബോട്ടുകൾ പുതിയതായി വാങ്ങിയെങ്കിലും യന്ത്രങ്ങൾ ഇതുവരെ എത്താത്തതിനാൽ ഇവ നീറ്റിലിറക്കാനായിട്ടില്ല. ഡി.ടി.പി.സിക്കും ഹൈഡലിനുമൊപ്പം സ്വകാര്യ വ്യക്തിക്കും മാട്ടുപ്പെട്ടിയിൽ ബോട്ടിങ്ങിന് അനുമതി നൽകിയിട്ടുണ്ട്. 77 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ ബോട്ടാണിവരുടേത്. സ്വകാര്യ വ്യക്തിയെ സഹായിക്കാനാണോ സർക്കാർ ബോട്ടുകൾ കട്ടപ്പുറത്ത് കയറ്റിയതെന്ന സംശയം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.