ഓണം പടിവാതിൽക്കൽ; പച്ചക്കറി സംഭരണം തുടങ്ങാതെ ഹോർടികോർപ്
text_fieldsമൂന്നാർ: ഓണം പടിവാതിൽക്കൽ എത്തിയിട്ടും വട്ടവട, കാന്തല്ലൂർ പ്രദേശങ്ങളിൽ പച്ചക്കറി സംഭരണം തുടങ്ങാതെ ഹോർടികോർപ്. കർഷകരാവട്ടെ ഇത്തവണ ഹോർടികോർപ്പിന് പച്ചക്കറി നൽകില്ലെന്ന നിലപാടിലുമാണ്.
ഓണം സീസണിലെ വിലക്കയറ്റം പിടിച്ചുനിർത്താനാണ് ഈ സമയത്ത് ഹോർട്ടികോർപ് കർഷകരിൽനിന്ന് പച്ചക്കറികൾ സംഭരിച്ച് ആഭ്യന്തര വിപണിയിൽ എത്തിക്കുന്നത്. ശീതകാല പച്ചക്കറികളുടെ പ്രധാന ഉൽപാദന മേഖലയായ വട്ടവടയിലും കാന്തല്ലൂരും ഇപ്പോൾ വിളവെടുപ്പ് കാലമാണ്. മൂന്നാഴ്ച മുമ്പ് ആരംഭിച്ച വിളവെടുപ്പ് ഇപ്പോൾ പൂർണ തോതിലായിട്ടുണ്ട്. സംഭരണത്തിന് മുന്നോടിയായി ഉൽപന്നങ്ങൾ നൽകാൻ തയാറുള്ള കർഷകർ പേരുകൾ കൃഷിഭവനിൽ രജിസ്റ്റർ ചെയ്യണമെന്ന് കൃഷിവകുപ്പ് അറിയിപ്പ് നൽകിയെങ്കിലും രജിസ്റ്റർ ചെയ്യാൻ കർഷകർ തയാറായിട്ടില്ല.
ഇടനിലക്കാരാണ് ഇപ്പോൾ കർഷകരിൽനിന്ന് മൊത്തമായി പച്ചക്കറികൾ വാങ്ങുന്നത്. ഇതാവട്ടെ പകുതിയും തമിഴ്നാട്ടിലേക്കാണ് കയറ്റിപ്പോകുന്നത്. ഹോർടികോർപ് നൽകുന്നതിലും കുറഞ്ഞ വിലയാണ് ഇടനിലക്കാർ നൽകുന്നത്. എന്നിട്ടും ഹോർടികോർപ്പിന് ഉൽപന്നങ്ങൾ നൽകാൻ തയാറല്ലെന്ന കർഷകരുടെ നിലപാടിന് കാരണങ്ങൾ പലതാണ്. എടുക്കുന്ന ഉൽപന്നങ്ങളുടെ വില സമയത്ത് നൽകില്ലെന്നതാണ് പ്രധാന കാരണം.
കഴിഞ്ഞ ഓണത്തിന് നൽകിയ പച്ചക്കറികളുടെ വിലപോലും ഇപ്പോഴും പൂർണമായി ലഭിച്ചിട്ടില്ലെന്ന് പല കർഷകരും പരാതിപ്പെടുന്നു. ഉൽപന്നങ്ങൾ വാങ്ങി മാസങ്ങൾക്കുശേഷം പണം നൽകുമ്പോൾ അതിലും വെട്ടിക്കുറവ് വരുത്തുന്നതായി കർഷകർക്ക് പരാതിയുണ്ട്. വാങ്ങിയ പച്ചക്കറികൾ ചീഞ്ഞ് നഷ്ടം വന്നതായി പറഞ്ഞാണ് തുക വെട്ടിക്കുറക്കുന്നതെന്ന് ഇവർ പറയുന്നു.
പലപ്പോഴും വിളവെടുക്കുന്ന പച്ചക്കറികൾ മുഴുവൻ ഹോർടികോർപ് വാങ്ങാറില്ലെന്നും അതുവഴി തങ്ങൾക്ക് നഷ്ടം സംഭവിക്കുന്നതായും കർഷകർ ചൂണ്ടിക്കാട്ടുന്നു. വിപണിവിലയുടെ മൂന്നിലൊന്ന് മാത്രമാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. ഹോർടികോർപ് രംഗത്തിറങ്ങാത്തതുമൂലം ഇടനിലക്കാരാണ് ഉൽപന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. കുറഞ്ഞ വിലയാണെങ്കിലും ഉടൻ പണം ലഭിക്കുമെന്നതാണ് കർഷകർ ഹോർടികോർപ്പിനെ തള്ളി ഇടനിലക്കാരെ ആശ്രയിക്കാൻ കാരണം.
ഓണക്കാലത്ത് പച്ചക്കറി വില ഒരു പരിധിവരെ പിടിച്ചു നിർത്തണമെങ്കിൽ കർഷകരുടെ പരാതികൾക്ക് പരിഹാരം കണ്ട് ഹോർടികോർപ് നേരിട്ട് സംഭരണം ആരംഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.