കോളനികളിൽ ചുറ്റിത്തിരിഞ്ഞ് ‘പടയപ്പ’; തോട്ടം തൊഴിലാളികളുടെ പണി മുടങ്ങുന്നു
text_fieldsമൂന്നാർ: തൊഴിലാളികളുടെ കോളനികളിൽ ചുറ്റിത്തിരിഞ്ഞ് തോട്ടം തൊഴിലാളികളുടെ പണിമുടക്കി കാട്ടാനയായ പടയപ്പ. ദേവികുളം ഹാരിസൺ എസ്റ്റേറ്റ് ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ തൊഴിലാളികൾ തിങ്കളാഴ്ച പണിക്കിറങ്ങിയത് ഒന്നര മണിക്കൂർ വൈകിയാണ്. ഇതുമൂലം പലർക്കും പണി നഷ്ടപ്പെടുകയും ചെയ്തു.
പുലർച്ചെ പണിക്ക് പോകാൻ തൊഴിലാളികൾ പുറത്തിറങ്ങിയ സമയത്തായിരുന്നു ലയങ്ങളുടെ മുറ്റത്തുകൂടി പടയപ്പയുടെ വരവ്. ഇതോടെ പണിക്കിറങ്ങിയവർ തിരിച്ച് വീടുകളിൽ അഭയം തേടി. ഫാക്ടറി ഡിവിഷനിലെ തൊഴിലാളിയായ സബീയന്റെ അരയേക്കറിലെ കാരറ്റ് കൃഷി തിന്നു തീർത്ത കൊമ്പൻ സമീപത്തെ പല കൃഷിയിടങ്ങളിലുമെത്തി നാശം വരുത്തി.
കഴിഞ്ഞ മൂന്ന് ദിവസമായി തൊഴിലാളികളുടെ ഉറക്കം കെടുത്തി ഇതേ ഡിവിഷനിൽത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് പടയപ്പ. രാത്രിയാവുന്നതോടെ ദേശീയപാതയിൽ ടോൾ പ്ലാസക്ക് സമീപം എത്തി കാടുകയറുന്ന കൊമ്പൻ രാവിലെ വീണ്ടും ജനവാസ മേഖലയിൽ എത്തുന്നു. വീടുകൾക്ക് സമീപം കാട്ടാന നില്ക്കുമ്പോൾ കുട്ടികളെ വീട്ടിലിരുത്തി തങ്ങൾക്കെങ്ങനെ ജോലിക്ക് പോകാൻ കഴിയുമെന്നാണ് തൊഴിലാളികളുടെ ചോദ്യം.
വൈകിയെത്തിയാൽ അന്നത്തെ പണി നഷ്ടപ്പെടുന്നതായും ഇവർ പറയുന്നു. പടയപ്പയെക്കൊണ്ട് പൊറുതി മുട്ടിയ തൊഴിലാളികൾ ഇന്നലെ ഇവിടെയെത്തിയ വനപാലകരോട് ആനയെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് മാറ്റണമെന്ന് ആവശ്യമുന്നയിച്ചു. ഈ ഡിവിഷനിലെ റേഷൻകടയാണ് അടുത്തയിടെ പടയപ്പ രണ്ടു തവണ മേൽക്കൂര തകർത്ത് അരിയെടുത്ത് അകത്താക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.