മൂന്നാർ ടൗണിന് സമീപം ചുറ്റിക്കറങ്ങി പടയപ്പ
text_fieldsമൂന്നാർ: കാട്ടുകൊമ്പൻ പടയപ്പ വീണ്ടും മൂന്നാർ ടൗണിന് സമീപമെത്തി. ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ ദൂരെ കന്നിമല, പെരിയവരൈ എസ്റ്റേറ്റുകളിൽ രണ്ടു ദിവസമായി ചുറ്റിത്തിരിഞ്ഞ കൊമ്പൻ ബുധനാഴ്ച രാത്രി കന്നിമല പാലത്തിന് സമീപം റോഡിലിറങ്ങി അരകിലോമീറ്ററോളം മൂന്നാർ ഭാഗത്തേക്ക് നടന്ന് പെരിയവരൈ മൈതാനത്തിന് സമീപമെത്തി റോഡിൽ നിലയുറപ്പിച്ചു. ഇതുമൂലം ഗതാഗതം തടസ്സപ്പെട്ടതോടെ വനം വകുപ്പ് ദ്രുത പ്രതികരണ സേനയെത്തി (ആർ.ആർ.ടി) ആനയെ കാടുകയറ്റി. റോഡിന് എതിർവശം ചോളമല ഡിവിഷനിലായിരുന്നു വ്യാഴാഴ്ച പടയപ്പ ഉണ്ടായിരുന്നത്.
സ്ഥിരം സഞ്ചാര പാതയിലൂടെ മാത്രം സഞ്ചരിക്കുന്ന പടയപ്പ മൂന്നാർ കാടുകളിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനാണ്. ഏകദേശം 60 വയസ്സുള്ള പടയപ്പ തലയാർ, തെന്മല, ഗുണ്ടുമല, ചെണ്ടുവരൈ, മാട്ടുപ്പെട്ടി, ദേവികുളം, ലക്ഷ്മി, കല്ലാർ പ്രദേശങ്ങൾക്കിടയിലാണ് സ്ഥിരസാന്നിധ്യം.
വനംവകുപ്പിന്റെ നിരീക്ഷണ വലയത്തിലാണെങ്കിലും അടുത്തയിടെ പലതവണ റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.
ടൗണിന് തൊട്ടടുത്ത് ചോളമലയിൽ ഉണ്ടായിരുന്ന കൊമ്പൻ അടുത്ത ദിവസങ്ങളിൽ ടൗൺ ഭാഗത്തേക്ക് എത്തുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ആർ.ആർ.ടിയും ജാഗ്രതയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.