രാജമലയിലൊരുങ്ങുന്നു പന്നൽ ഉദ്യാനം
text_fieldsമൂന്നാർ: ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി വരയാടുകൾക്കൊപ്പം പന്നൽച്ചെടിയുടെ ലോകവും കാണാം. സംസ്ഥാനത്തെ ആദ്യത്തെ പന്നൽ ഉദ്യാനം (ഫേണറേറിയം) ഓണത്തിന് സഞ്ചാരികൾക്ക് തുറന്ന് നൽകാനുള്ള ഒരുക്കത്തിലാണ് അധികൃതർ. രാജമലയുടെ പ്രവേശന കവാടമായ അഞ്ചാംമൈലിലെ വനം വകുപ്പിന്റെ ഓർക്കിഡേറിയത്തിനു സമീപത്താണ് 500 ചതുരശ്ര അടിയിലുള്ള മഴ മറക്കുള്ളിൽ പുതിയ പന്നൽ ഗാർഡൻ ഒരുങ്ങുന്നത്.
ഒരുമാസത്തിനുള്ളിൽ ചെടികൾ നട്ടുതീരും. ആദ്യ പന്നൽ ഉദ്യാനം ഓണത്തോടെ വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
പൂക്കളും വിത്തുകളും ഇല്ലാത്ത സസ്യങ്ങളാണ് പന്നൽച്ചെടികൾ. ഈർപ്പവും തണലുമുള്ള സ്ഥലങ്ങളിൽ നന്നായി വളരും. മരങ്ങളുടെ പുറം തൊലിയിലും കുളങ്ങളുടെയും അരുവികളുടെയും തീരങ്ങളിലും പന്നലുകൾ ധാരാളമായി കാണാം. നാൽപതിലധികം ചെടികൾ ഇതിനോടകം ഇവിടെ നട്ടുകഴിഞ്ഞു.
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കോളജ് ഓഫ് ഫോറസ്ട്രിയിൽനിന്നുള്ള ഗവേഷകന്റെ നേതൃത്വത്തിലാണ് ഉൾവനങ്ങളിൽ നിന്നുൾപ്പെടെ ഇവ ശേഖരിച്ച് പന്നൽ ഗാർഡനിലെത്തിക്കുന്നത്. പ്രത്യേകം തയാറാക്കിയ മഴമറക്കുള്ളിൽ ഉൾവനങ്ങളിലേതിന് സമാനമായ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. ചൂടും കാറ്റും വെളിച്ചവും യഥേഷ്ടം ലഭിക്കും. ഫോഗ് ഇറിഗേഷൻ (മിസ്റ്റ് ഇറിഗേഷൻ) സംവിധാനമാണ് ചെടികൾ നനക്കാൻ ഒരുക്കിയിരിക്കുന്നത്. ഒന്നു മുതൽ 100 വർഷം വരെ പ്രായമുള്ള പന്നൽച്ചെടികളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്റെയും മലബാർ ഏലം കമ്മിറ്റിയിൽപെട്ടതും ഇടമലക്കുടി നിവാസികളുമായ രണ്ട് വാച്ചർമാരുടെയും നേതൃത്വത്തിലാണ് ഇവയുടെ സംരക്ഷണം.
ഇരവികുളം ദേശീയോദ്യാനത്തിൽനിന്നുള്ള 104 ഇനങ്ങളിൽപെട്ട പന്നൽച്ചെടികളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.