റോഡ് നിയമങ്ങളും സുരക്ഷയും മാനിക്കാതെ വാഹനങ്ങളുമായി നടുറോഡിൽ സഞ്ചാരികളുടെ ഫോട്ടോ ഷൂട്ട്
text_fieldsമൂന്നാര്‍: തിരക്കേറിയ റോഡിൽ വിനോദസഞ്ചാരികളുടെ വഴിതടഞ്ഞുള്ള ഫോട്ടോ ഷൂട്ട് തടയാൻ അധികൃതർ നടപടിയെടുക്കുന്നില്ല. റോഡ് നിയമങ്ങളും സുരക്ഷയും മാനിക്കാതെ ദേശീയപാതയിലടക്കം സഞ്ചാരികള്‍ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതാണ് അപകട സാധ്യത വർധിപ്പിക്കുന്നത്.
മൂന്നാറില്‍ തിരക്കേറിയ റോഡുകളിലാണ് അപകടമുണര്ത്തുന്ന വിധത്തില്‍ സഞ്ചാരികൾ കൂട്ടമായി ഫോട്ടോയെടുക്കുന്നത്. കഴിഞ്ഞ ദിവസം മറ്റു വാഹനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തില്‍ മൂന്നു ജീപ്പുകള്‍ നടുറോഡില്‍ നിര്‍ത്തിയിട്ടായിരുന്നു സഞ്ചാരികളുടെ ഫോട്ടോയെടുപ്പ്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ പഴയമൂന്നാര്‍ ഭാഗത്തെ ബൈപാസിലായിരുന്നു സഞ്ചാരികളുടെ അഭ്യാസം. വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ദൂരക്കാഴ്ച മറയ്ക്കുന്ന വിധത്തില്‍ ഫോട്ടോ എടുക്കുന്നതിനിടെ ഒരു ബൈക്ക് യാത്രികന് അപകടത്തിൽപെടുകയും ചെയ്തു. ജീപ്പിന്റെ വശത്തിലൂടെ കടന്നുവരുന്നതിനിടെ പെട്ടെന്ന് വാഹനം തിരിച്ചതിനാൽ റോഡിലേക്ക് വീണെങ്കിലും യാത്രികന് കാര്യമായ പരിക്കേറ്റില്ല.
റോഡു നിയമങ്ങള്‍ പാലിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ പരിശോധന നടത്തുന്ന സമയം വാഹനങ്ങളും ഡ്രൈവര്‍മാരും ജാഗ്രത പാലിക്കുമെങ്കിലും അവര്‍ ഇല്ലാത്ത സമയങ്ങളില്‍ വാഹനങ്ങള്‍ റോഡുനിയമങ്ങള്‍ വ്യാപകമായി ലംഘിക്കുന്നതിന് കാരണമാകുന്നുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ പരിശോധനയില്ലാത്തതും നിമയലംഘനങ്ങള്‍ തുടരുന്നതിന് കാരണമാകുന്നു.
കൃത്യമായ രേഖകളില്ലാതെ നൂറുകണക്കിന് വാഹനങ്ങള്‍ മൂന്നാറിലും പരിസരത്തുമായി ഓടുന്നുണ്ടെങ്കിലും മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ശക്തമായ നടപടികള്‍ സ്വീകരിക്കാറില്ല. അനുവദനീയ അളവില്‍ കൂടുതല്‍ നിറങ്ങളും പ്രകാശമേറിയതുമായ ലൈറ്റുകളും ഘടിപ്പിച്ച നൂറുകണക്കിന് ഓട്ടോകളാണ് മൂന്നാറില്‍ ഓടുന്നത്.
കാതടപ്പിക്കുന്ന വിധത്തിലും പരിസരവാസികള്‍ക്ക് അലോസരമുണ്ടാക്കുന്ന വിധത്തിലും ശബ്ദകോലാഹലങ്ങള്‍ ഉയര്ത്തിപ്പായുന്ന ഓട്ടോകളും മറ്റുവാഹനങ്ങളും മൂന്നാര്‍ ടൗണിലെ നിത്യകാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.