ഭക്ഷ്യസാധനങ്ങളുടെ വിതരണം നിലച്ചു; ഇടമലക്കുടിയിൽ 21 ദിവസമായി അരിയില്ല
text_fieldsമൂന്നാർ: ഇടമലക്കുടിയിൽ 21 ദിവസമായി റേഷൻ അരി ഉൾപ്പെടെയുള്ളവ വിതരണം ചെയ്തിട്ടില്ലെന്ന് പരാതി. നവംബറിലെ റേഷൻ വിഹിതം ഇതുവരെ വിതരണം ചെയ്യാത്തതിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗോത്രവർഗക്കാരാണ്. ഇതോടെ മാങ്കുളം, മൂന്നാർ എന്നിവിടങ്ങളിലെത്തി പൊതുവിപണിയിൽനിന്ന് വൻതുകക്ക് അവശ്യവസ്തുക്കൾ വാങ്ങിയാണ് ഗോത്രവർഗക്കാർ 20 ദിവസമായി ഉപജീവനം നടത്തുന്നത്. മൂന്നാറിൽ പ്രവർത്തിക്കുന്ന ഗിരിജൻ സൊസൈറ്റി വഴിയാണ് ഇടമലക്കുടി പഞ്ചായത്തിലെ സൊസൈറ്റിക്കുടി, പരപ്പയാർ എന്നിവിടങ്ങളിലെ റേഷൻകടകളിൽ സാധനങ്ങൾ എത്തിക്കുന്നത്. പൊതുവിതരണ വകുപ്പിൽനിന്ന് ലഭിക്കുന്ന റേഷൻ സാധനങ്ങൾ രാജമല പെട്ടിമുടിയിലെ ഗോഡൗണിൽ എത്തിച്ച് സംഭരിച്ച ശേഷമാണ് ഇടമലക്കുടിയിൽ എത്തിക്കുന്നത്. പെട്ടിമുടിയിൽനിന്ന് കരാർ അടിസ്ഥാനത്തിൽ വാഹനങ്ങളിലാണ് സാധനങ്ങൾ റേഷൻ കടകളിലെത്തിച്ചിരുന്നത്.
ഒരു മാസം മുമ്പ് പുതിയ വാഹനക്കരാർ ഉണ്ടാക്കിയെങ്കിലും കരാറുകാരൻ സാധനങ്ങൾ എത്തിക്കാൻ തയാറാകാതെ വന്നതോടെയാണ് ഇടമലക്കുടിയിൽ ഭക്ഷ്യസാധനങ്ങളുടെ വിതരണം നിലച്ചത്. പെട്ടിമുടിയിലെ ഗോഡൗണിനു മുന്നിൽ റേഷൻ സാധനങ്ങൾ വിതരണം ചെയ്യാതെ കൂട്ടിയിട്ടിരിക്കുകയാണിപ്പോൾ. ഏതാനും ദിവസത്തിനുളളിൽ റേഷൻ വിതരണം പുനരാരംഭിക്കുമെന്നാണ് ഗിരിജൻ സൊസൈറ്റി അധികൃതരുടെ വിശദീകരണം. എന്നാൽ, റേഷൻ വിതരണം ചെയ്യാതെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കരിഞ്ചന്തയിൽ വിൽക്കാനുള്ള ഗൂഢശ്രമമാണ് പിന്നിലെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.