വായന ഹരമായി; റഹീം പുസ്തകശാല തുടങ്ങി
text_fieldsമൂന്നാർ: കോടമഞ്ഞിനും നൂൽമഴക്കുമൊപ്പം മൂന്നാറിെൻറ വായനലോകം വിപുലമാക്കിയ കഥകളാണ് 80കാരനായ റഹീമിന് പറയാനുള്ളത്. രോമത്തൊപ്പിയും കറുത്ത ഷർട്ടും കണ്ണടയും ധരിച്ച ബി.എം. റഹീം മൂന്നാറിൽ തുറന്ന പുസ്തക വിൽപനശാല 51വർഷം പിന്നിട്ടു.
ചന്നംപിന്നം മഴ പെയ്യുന്ന മൂന്നാറിലെ പഴയ കാലാവസ്ഥയിൽ ഒരു ചായക്കടക്ക് അപ്പുറത്തേക്ക് ആരും ചിന്തിക്കാതിരുന്നപ്പോൾ പുസ്തകശാല തുടങ്ങിയ റഹീമിെൻറ ജീവിതവും കൗതുകം പകരുന്നതാണ്. 1940കളുടെ അവസാനം എറണാകുളത്തെ പട്ടിമറ്റത്തുനിന്ന് മൂന്നാറിൽ എത്തിയതാണ് മൈതീനും കുടുംബവും. ഇപ്പോഴത്തെ കണ്ണൻ ദേവൻ കമ്പനിയുടെ ഡ്രൈവറായിരുന്നു മൈതീൻ. സ്കൂളിൽ പഠിക്കാൻ അവസരം ലഭിക്കാതിരുന്ന മകൻ റഹീമിനെ വീട്ടിൽ വന്ന് മലയാളം പഠിപ്പിക്കാൻ അധ്യാപകനെ ഏർപ്പാടാക്കി. കൂട്ടുകാരിൽനിന്ന് തമിഴും പഠിച്ചു. രണ്ട് ഭാഷകളിൽ പ്രാവീണ്യം നേടിയതോടെ റഹീമിന് വായന ഹരമായി. സ്ഥിരമായി പത്രം വായിക്കാൻ 13ാം വയസ്സിൽ പത്രവിതരണക്കാരനായി.
മലയാളം, തമിഴ് പത്രങ്ങളും പുസ്തകങ്ങളും പതിവായി വായിച്ച് എഴുത്തിനോടും കമ്പം കയറി. സ്വന്തമായി കൈയെഴുത്ത് മാസിക തയാറാക്കിയാണ് ആഗ്രഹം സഫലീകരിച്ചത്. 'വളർമതി' കൈയെഴുത്തു മാസിക 12 വർഷം തുടർച്ചയായി പുറത്തിറങ്ങി. ഇതിനിടെയാണ് പുസ്തകശാല തുടങ്ങുക എന്ന ആശയം മനസ്സിലുദിച്ചത്. പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും റഹീം പിൻവാങ്ങിയില്ല. അങ്ങനെ 1970ൽ മൂന്നാറിലെ ആദ്യ പുസ്തക വിൽപനശാലയായി റഹീം ബുക് സ്റ്റാൾ പ്രവർത്തനം തുടങ്ങി. തമിഴിൽ കഥയും കവിതയും എഴുതുന്ന റഹീമിെൻറ പ്രിയ എഴുത്തുകാരൻ പെരിയോർ ആണ്.
എം.ജി.ആറിെൻറ കടുത്ത ആരാധകനായതിനാൽ രോമത്തൊപ്പിയും ധരിച്ചുതുടങ്ങി. മൂന്നാറിൽ എത്തിയ എം.ജി.ആറുമായി കൂടിക്കാഴ്ച നടത്തിയ അനുഭവവും ഇദ്ദേഹത്തിനുണ്ട്. റഹീം ബുക് സ്റ്റാൾ ഇന്നും മൂന്നാറിെൻറ അടയാളമായി നിൽക്കുന്നു. ദേവികുളത്തെ റഹീമിെൻറ വീട്ടിലും വിപുലമായ പുസ്തകശേഖരമുണ്ട്. സാംസ്കാരിക സംഭാവനകളെ മാനിച്ച് മൂന്നാർ പൗരാവലി കഴിഞ്ഞ ജനുവരിയിൽ റഹീമിനെ ആദരിച്ചിരുന്നു. സുഹ്റ ബീവിയാണ് ഭാര്യ. മകൻ ഷാനുവാണ് കച്ചവടത്തിൽ സഹായിക്കുന്നത്. ഷറീന, നൗഷാദ്, ഫാസിൽ എന്നിവരാണ് മറ്റ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.