മൂന്നാർ ടൗണിൽ സ്റ്റാൻഡുകൾക്ക് പെർമിറ്റ് നൽകുന്നതിൽ കർശന നിയന്ത്രണം
text_fieldsമൂന്നാർ: അനുദിനം പെരുകുന്ന ഓട്ടോ റിക്ഷകൾ സൃഷ്ടിക്കുന്ന ഗതാഗതപ്രശ്നങ്ങൾ കണക്കിലെടുത്ത് മൂന്നാർ ടൗണിൽ സ്റ്റാൻഡുകൾക്ക് പെർമിറ്റുകൾ നൽകുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. കഴിഞ്ഞ ദിവസം ചേർന്ന ഗതാഗത ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. മൂന്നാർ ടൗണിലെ അനധികൃത ഓട്ടോ സ്റ്റാൻഡുകൾ സംബന്ധിച്ച് കഴിഞ്ഞയാഴ്ച ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
ടൗണിൽ ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ്ങിനും നിയന്ത്രണം കൊണ്ടുവരും. ടൗണിലെ പാതയോരങ്ങളിൽ ഇരുചക്ര വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കില്ല. പെരിയവരൈ റോഡിലും കാർഗിൽ റോഡിലുമാണ് ഇതിനായി സ്ഥലം അനുവദിച്ചിരിക്കുന്നത്. ജനറൽ ആശുപത്രി റോഡിൽ ഒരേ സമയം അഞ്ച് ഗുഡ്സ് ഉൾപ്പെടെ ഒമ്പത് ഓട്ടോ മാത്രമാണ് നിർത്തിയിടാവുന്നത്.
ഏറ്റവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നല്ലതണ്ണി കവലയിൽ റോഡിന് ഇരുവശവുമുള്ള ഓട്ടോ പാർക്കിങ് ഒഴിവാക്കും. പഴയ മൂന്നാർ മുതൽ ടൗൺവരെയും ടൗണിലെ മറ്റ് റോഡുകളിലും ഒട്ടേറെ വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാം. ഗതാഗതക്കുരുക്കിന് ഇതും കാരണമാണ്. ഉടമകളെ കണ്ടെത്തി നിശ്ചിത ദിവസത്തിനുള്ളിൽ ഇവ മാറ്റാൻ ആവശ്യപ്പെടും. പാതയോരങ്ങളിലെ വാണിഭവും പൂർണമായി നിരോധിക്കാൻ യോഗം തീരുമാനിച്ചു.
തഹസിൽദാർ കെ.ജി. രാജൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്യോതി, എസ്.എച്ച്.ഒ രാജൻ അരമന, പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജൻ, ട്രാഫിക് എസ്.ഐ പി.പി. ഷാജി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.