റേഷൻ എത്തിക്കാൻ കഷ്ടപ്പാട് തീരില്ലേ, ഈ യാത്രാദുരിതം
text_fieldsമൂന്നാർ: ഇടമലക്കുടിയിലേക്കുള്ള ചരക്കുനീക്കം ജീപ്പുകളിലാണെങ്കിലും ഒപ്പം ചുമട്ടുകാർ കൂടിയുണ്ടെങ്കിലേ അവ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയൂ.
വനാതിർത്തിയായ പെട്ടിമുടിയിൽനിന്ന് ഊരിലേക്കുള്ള റോഡ് തീർത്തും യാത്രായോഗ്യമല്ലാതായതോടെ പലഭാഗത്തും സാധനങ്ങൾ ജീപ്പിൽനിന്ന് ഇറക്കിയശേഷം ജീപ്പ് തള്ളിയും വടം കെട്ടിവലിച്ചും നീക്കി വീണ്ടും ചരക്ക് കയറ്റിയാണ് ഇപ്പോൾ റേഷൻ ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ എത്തിക്കുന്നത്. ഇടമലക്കുടിയിൽനിന്ന് ജീപ്പുകളിൽ മൂന്നാറിലേക്ക് വരുന്നവരുടെയും സ്ഥിതിയും ഇതു തന്നെയാണ്. പകുതി ദൂരവും ഇവർ വാഹനങ്ങളിൽനിന്ന് ഇറങ്ങി നടക്കണം. 250 രൂപയാണ് ഇടമലക്കുടിയിൽനിന്ന് ഒരാൾക്ക് മൂന്നാറിലേക്കുള്ള ജീപ്പ് കൂലി. വാടകക്ക് വിളിച്ചാൽ 3000 രൂപയാകും. പെട്ടിമുടിയിലെ ഗോഡൗണിൽനിന്നാണ് റേഷൻ സാധനങ്ങൾ ഇടമലക്കുടിയിലെ റേഷൻകടകളിൽ എത്തിക്കുന്നത്. ഒരു ദിവസം ശരാശരി 1500 കിലോ അരിയാണ് ഇങ്ങനെ കൊണ്ടുപോകുന്നത്. ഇവിടത്തെ മൂന്ന് റേഷൻ കടകൾ വഴി 15,000 കിലോ അരിയാണ് ഒരുമാസം വിതരണത്തിന് എത്തിക്കുന്നത്.
പെട്ടിമുടിയിൽനിന്ന് പുറപ്പെട്ടാൽ 14 കിലോമീറ്റർ ദൂരെ സൊസൈറ്റിക്കുടിയിൽ എത്തുന്നതിനിടെ മൂന്നിടത്ത് ഇവ ഇറക്കി ചുമന്ന് വീണ്ടും കയറ്റണം.
വനാന്തരത്തിൽ ഇഡ്ഡലിപ്പാറക്ക് സമീപം തോടിന് കുറുകെ നിർമിച്ച കോൺക്രീറ്റ് പാലം അപ്രോച് റോഡുകൾ നിർമിക്കാത്തതിനാൽ ഒമ്പത് വർഷമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇവിടെയെത്തുമ്പോൾ ചരക്ക് ഇറക്കിയ ശേഷമേ ജീപ്പുകൾക്ക് തോട്ടിലൂടെ മറുകര കടക്കാൻ കഴിയൂ. ഇഡ്ഡലിപ്പാറക്കും സൊസൈറ്റിക്കുടിക്കും ഇടയിലുമുണ്ട് ഇത്തരത്തിൽ ചരക്ക് ഇറക്കി കയറ്റേണ്ട മൂന്ന് സ്ഥലങ്ങൾ.
മഴക്കാലമായതോടെയാണ് ഈ വനാന്തര മൺപാത തീർത്തും തകർന്നത്. ഇതിനൊപ്പം ബി.എസ്.എൻ.എൽ കേബിൾ വലിക്കുന്നതിന് പാതയോരത്ത് കുഴിയെടുക്കുന്നതും റോഡിന്റെ സമ്പൂർണ തകർച്ചക്ക് കാരണമായി. കേബിൾ സ്ഥാപിക്കാൻ വഴിയിൽ ഇടക്കിടക്ക് വലിയ കുഴികളും കുഴിച്ചിട്ടുണ്ട്. ഈ റോഡ് പുനർനിർമിക്കാൻ 18 കോടി അനുവദിച്ചിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രാരംഭഘട്ട നിർമാണം ആരംഭിച്ചെങ്കിലും പണി ഇഴയുകയാണ്. ഇങ്ങനെ പോയാൽ ഇടമലക്കുടിക്കാരുടെ യാത്രാദുരിതം തീരാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.