തൂക്കുപാലം തകർന്ന് 14 വിദ്യാർഥികളുടെ മരണം; നൊമ്പര സ്മരണയിൽ മൂന്നാർ
text_fieldsമൂന്നാർ: ഹെലികോപ്ടർ കാണാനുള്ള ഓട്ടത്തിനിടെ പാലം തകർന്ന് 14 വിദ്യാർഥികൾ മരിച്ചതിന്റെ ഓർമയിൽ നാട്. 40 വർഷം മുമ്പുണ്ടായ ദുരന്തം ഇന്നും മൂന്നാറിന്റെ നൊമ്പരമാണ്.
1984 നവംബര്‍ ഏഴിനാണ് ദുരന്തമുണ്ടായത്. മൂന്നാര്‍ ഹൈറേഞ്ച് ക്ലബ് മൈതാനിയില്‍ ഇറങ്ങിയ ഹെലികോപ്ടര്‍ കാണാനുള്ള ആവേശത്തില്‍ 14 കുട്ടികളെയാണ് മുതിരപ്പുഴയാര്‍ അപഹരിച്ചത്. എല്ലാവരും മൂന്നാര്‍ ഗവ. ഹൈസ്കൂൾ വിദ്യാര്‍ഥികളായിരുന്നു. 10.30ഓടെയായിരുന്നു ദുരന്തം. ഹെലികോപ്ടറിന്റെ ശബ്ദം കേട്ടാണ് യു.പി വിഭാഗം കുട്ടികൾ ക്ലാസ് മുറികളിൽനിന്ന് പുറത്തേക്കോടിയത്.
പഴയ മൂന്നാറിനെ ഹൈറേഞ്ച് ക്ലബുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലേക്ക് കുട്ടികൾ ഓടിയെത്തി.
ഭാരം താങ്ങാനാകാതെ പാലത്തിന്റെ ഒരു ഭാഗം തകർന്ന് കുട്ടികൾ മുതിരപ്പുഴയാറിലേക്ക് പതിച്ചു. കൂട്ടക്കരച്ചിൽ കേട്ട് ഓടിയെത്തിയവർ രക്ഷാപ്രവർത്തകരായി. നിരവധി കുട്ടികളെ രക്ഷിച്ചു. 14 പേർ അപ്പോഴേക്കും മരണംവരിച്ചു. എ. രാജലക്ഷ്മി, എസ്. ജയലക്ഷ്മി, എം. വിജയ, എൻ. മാരിയമ്മാൾ, ആർ. തങ്കമല, പി. സരസ്വതി, കല്യാണകുമാർ, സുന്ദരി, പി. റാബിയ, ടി. ജെൻസി, ടി. ഷിബു, പി. മുത്തുമാരി ,എസ്. കലയമ്മാൾ, സി. രാജേന്ദ്രൻ എന്നി വിദ്യാർഥികളെയാണ് നഷ്ടമായത്. 1942ൽ ബ്രിട്ടീഷുകാർ നിർമിച്ചതായിരുന്നു തൂക്കുപാലം. പാലം പിന്നീട് പുതുക്കിപ്പണിതെങ്കിലും 2018ലെ പ്രളയം പാലത്തെ അപ്പാടെ തൂത്തെടുത്തു.
മരിച്ച കുട്ടികളുടെ ബന്ധുക്കൾ മിഠായിയും പൊട്ടും വളകളും റിബണും ഒക്കെയായി വ്യാഴാഴ്ച രാവിലെ ദുരന്തസ്ഥലത്തെ സ്മാരകത്തിലെത്തും.
തകർന്ന തൂക്കുപാലത്തിന് സമീപത്തെ സ്മാരകത്തിന് മുന്നിൽ ആദരാഞ്ജലി അർപ്പിക്കാൻ എത്തുന്നവർ നിക്ഷേപിക്കുന്ന വളപ്പൊട്ടുകളും റിബണുകളും മൂകമായി ആ നൊമ്പരത്തിന് സാക്ഷ്യം വഹിക്കും. മൂന്നാർ ഗവ. വി.എച്ച്.എസ്.എസ് പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ദുരന്തമുണ്ടായ 10.30ന് വിദ്യാർഥി സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തും.
പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടർന്ന് മൂന്നാറിലെ ടാറ്റ ടീയിൽ മാനേജറായിരുന്ന അന്നത്തെ കേന്ദ്രമന്ത്രി ബൂട്ടാസിങ്ങിന്റെ ബന്ധുവിനെ കൊണ്ടുപോകുന്നതിനാണ് ഹെലികോപ്ടർ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.