പുലിപ്പേടിയിൽ മൂന്നാറിലെ തേയിലത്തോട്ടങ്ങൾ
text_fieldsമൂന്നാര്‍: മൂന്നാറിലെ തേയിലത്തോട്ട മേഖലയിൽ കന്നുകാലികള്‍ പുലിയുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവാകുന്നു.
കഴിഞ്ഞദിവസം കടലാര്‍ എസ്‌റ്റേറ്റിലെ രണ്ടു പശുക്കള്‍ പുലിയുടെ ആക്രമണത്തിനിരയായി. ആക്രമണം പതിവായിട്ടും വനംവകുപ്പ് അനാസ്ഥ പുലര്‍ത്തുന്നതായി ആക്ഷേപമുണ്ട്. ജനവാസമേഖലകളിലെത്തിയാണ് പുലി കന്നുകാലികളെ ആക്രമിക്കുന്നത്. കഴിഞ്ഞദിവസം കടലാര്‍ എസ്‌റ്റേറ്റിലെ പുതുക്കാട് ഡിവിഷനിലെ രണ്ടു പശുക്കളെയാണ് ആക്രമിച്ചത്.
രാത്രി എട്ടോടെ എസ്‌റ്റേറ്റ് ലയങ്ങളോടു തൊട്ടു ചേര്‍ന്നുള്ള തൊഴുത്തിന് മുന്നില്‍നിന്ന പശുക്കളാണ് ആക്രമണത്തിനിരയായത്. പശുവിെൻറ അലര്‍ച്ച കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഒച്ചവെച്ചതോടെ പുലി ഓടി മറഞ്ഞു. ചെല്ലദുരൈ, ഭൂമിരാജ് എന്നിവരുടെ പശുക്കളാണ് ആക്രമണത്തിന് ഇരയായത്. ഒരു പശുവിെൻറ തലക്ക് മാരക പരിക്കേറ്റ നിലയിലാണ്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍നിന്ന് വെറ്ററിനറി സര്‍ജന്‍ എത്തി പശുക്കളെ പരിശോധിച്ച് ചികിത്സ നല്‍കി.
ഒരുവര്‍ഷത്തിനിടെ പത്തിലധികം പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ ചാവുകയോ പരിക്കേല്‍ക്കുകയോ ചെയ്തത്. എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ ജീവന്‍പോലും അപകടപ്പെടുന്ന സാഹചര്യമായിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ജില്ല പഞ്ചായത്ത് അംഗം എം. ഭവ്യ പറഞ്ഞു.
ഉചിത നടപടി സ്വീകരിക്കാന്‍ തയാറായില്ലെങ്കില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ മൂന്നാര്‍ വനംവകുപ്പ് ഓഫിസിനു മുന്നില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ മുന്നറിയിപ്പുനല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.