തങ്കയ്യ ഗുഹ പണ്ട് പേടിസ്വപ്നം; ഇന്ന് മൂത്രപ്പുര
text_fieldsമൂന്നാർ: മൂത്രവിസർജന കേന്ദ്രമായി മാറി ദേവികുളം ഗ്യാപ് റോഡിലെ ഐതിഹ്യമുറങ്ങുന്ന തങ്കയ്യ ഗുഹ. നൂറ്റാണ്ടുകൾക്കുമുമ്പ് തമിഴ്നാട്ടിൽനിന്ന് മൂന്നാർ വഴി കടന്നുപോയിരുന്ന വർത്തക സംഘങ്ങളെ കൊള്ളയടിച്ചിരുന്ന തങ്കയ്യ എന്ന കള്ളന്റെ ഒളിയിടമായിരുന്നു ഈ ഗുഹ എന്നാണ് ഐതിഹ്യം. കൊള്ളമുതൽ നിർധനർക്ക് പങ്കുവെച്ചിരുന്ന ഇയാൾ നാട്ടുകാർക്ക് നല്ലവനായിരുന്നെന്നും പഴമക്കാർ പറയുന്നു. ഗ്യാപ് റോഡ് വീതികൂട്ടി നവീകരിച്ചപ്പോഴും പാതയോരത്തെ ഈ ഗുഹ സംരക്ഷിക്കപ്പെട്ടു. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളിൽ കൗതുകവും ആകാംക്ഷയും പകരുന്നതാണിത്.
ഒട്ടേറെ സഞ്ചാരികൾ മണിക്കൂറുകൾ ചെലവഴിക്കുന്ന ഇടമാണ് എപ്പോഴും കോടമഞ്ഞ് മൂടിക്കിടക്കുന്ന ഗ്യാപ് റോഡ്. തുറസ്സായ ഇവിടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്തതിനാൽ സഞ്ചാരികൾ മുതൽ വഴിയോര കച്ചവടക്കാർ വരെ മൂത്രവിസർജനത്തിന് മറവ് കണ്ടെത്തുന്നത് തങ്കയ്യയുടെ ഈ ഒളിയിടത്തിലാണ്. ഇതുമൂലം ദുർഗന്ധം വമിക്കുന്ന ഗുഹയുടെ കവാടത്തിൽപോലും ആളുകൾക്ക് നിൽക്കാനാവാത്ത സ്ഥിതിയാണ്. ഈ ഭാഗത്ത് ശുചിമുറി സൗകര്യം ഒരുക്കിയാൽ ഇവിടെ എത്തുന്നവർക്ക് ആശ്വാസമാവും, ഒപ്പം ഗുഹയെ സംരക്ഷിക്കാനുമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.