മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമാണം തോട്ടം തൊഴിലാളികൾ തടഞ്ഞു
text_fieldsമൂന്നാർ: മൂന്നാറിൽ പഞ്ചായത്തിന്റെ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ (സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ്) നിർമാണം കണ്ണൻ ദേവൻ കമ്പനി തൊഴിലാളികൾ തടഞ്ഞു. പ്ലാന്റ് സ്ഥാപിച്ച് പുറത്തുനിന്ന് ശുചിമുറി മാലിന്യം കൊണ്ടുവരുന്നത് പരിസ്ഥിതി മലിനീകരണത്തിനും തങ്ങളുടെ കുടിവെള്ള സ്രോതസ്സുകൾ മലിനമാകാനും കാരണമാകുമെന്നാണ് തൊഴിലാളികളുടെ വാദം. കമ്പനിയുടെ കല്ലാർ എസ്റ്റേറ്റിലുള്ള പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം.
ശുചിത്വകേരള മിഷന്റെ സഹായത്തോടെ മൂന്നുകോടി രൂപ ചെലവിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. മൂന്നാറിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള ശുചിമുറി മാലിന്യം ശേഖരിച്ച് ശുദ്ധീകരിക്കുന്നതാണ് പദ്ധതി. നിലവിൽ മുതിരപ്പുഴയാറിലേക്കും മറ്റ് ജലസ്രോതസ്സുകളിലേക്കുമാണ് ഈ സ്ഥാപനങ്ങൾ പലതും ശുചിമുറി മാലിന്യം ഒഴുക്കുന്നത്. കല്ലാറിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപമുള്ള ഫാക്ടറി ഡിവിഷനിലെ തൊഴിലാളികളാണ് സംഘടിച്ചെത്തിയത്.
പ്ലാന്റിന്റെ കോൺക്രീറ്റിങ്ങിനായി മിക്സിങ് കൊണ്ടുവന്ന രണ്ട് ടാങ്കർ ലോറി മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിൽ ഇവർ തടഞ്ഞു. കമ്പനി ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാറും സെക്രട്ടറി കെ.എൻ. സഹജനും സ്ഥലത്തെത്തി പദ്ധതിയുടെ ഗുണഫലങ്ങൾ വിശദീകരിച്ചെങ്കിലും തൊഴിലാളികൾ അംഗീകരിച്ചില്ല. തുടർന്ന് ടാങ്കർ ലോറികൾ തിരികെപ്പോയി.
മാലിന്യവണ്ടികളും തടഞ്ഞു
മൂന്നാർ പഞ്ചായത്ത് കല്ലാറിൽ നടപ്പാക്കുന്ന മലിനജല ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണം തടഞ്ഞ കണ്ണൻ ദേവൻ കമ്പനി തൊഴിലാളികൾ ഇവിടേക്ക് മാലിന്യം കയറ്റിവന്ന പഞ്ചായത്ത് വക വാഹനങ്ങളും തടഞ്ഞു. തുടർന്ന് ഈ വാഹനങ്ങൾ കണ്ണൻ ദേവൻ കമ്പനിയുടെ മൂന്നാർ ടൗണിലെ റീജനൽ ഓഫിസിന് മുന്നിൽ നിർത്തിയിട്ടു.
മൂന്നാർ ടൗണിൽനിന്ന് പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യം കല്ലാറിലെ സംസ്കരണ കേന്ദ്രത്തിലാണ് നിക്ഷേപിക്കുന്നത്. ഇത് പിന്നീട് തരംതിരിച്ച് വളമാക്കും. 15 ടണ്ണോളം മാലിന്യം കയറ്റിവന്ന മൂന്ന് വാഹനങ്ങളാണ് ഇവർ സംസ്കരണ കേന്ദ്രത്തിലേക്ക് കടക്കുന്നത് തടഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികൾ വഴങ്ങാതെ വന്നതോടെയാണ് മാലിന്യം നിറച്ച വാഹനങ്ങൾ കമ്പനിയുടെ പ്രധാന ഓഫിസിന് മുന്നിൽ നിർത്തിയിട്ടത്.
തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് മൂന്നാറിലെ മാലിന്യസംസ്കരണ പദ്ധതി കമ്പനി അട്ടിമറിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.