യുവാവിന് വെടിയേറ്റ സംഭവം: നായാട്ടുസംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം
text_fieldsമൂന്നാർ: ഇടമലക്കുടിയിൽ ആദിവാസി യുവാവിന് വെടിയേറ്റ സംഭവത്തിൽ പുറത്തുനിന്നുള്ള നായാട്ടുസംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരപ്പുകല്ലുകുടിയിൽ സുബ്രഹ്മണ്യന് (35) വെടിയേറ്റത്. കീഴ്പത്താംകുടിയിൽ ലക്ഷ്മണനാണ് വെടിവെച്ചത്. സുബ്രഹ്മണ്യൺ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊതുെവ കാട്ടുമാംസം കഴിക്കാത്ത മുതുവാന്മാരുടെ കുടിയിൽ നാടൻ തോക്ക് എത്തിയത് സംശയത്തിനിടയാക്കിയ സാഹചര്യത്തിലാണ് പുറത്തുനിന്നുള്ളവരും ഇതിൽ ഉൾപ്പെട്ടതായി കരുതുന്നത്.
മൂന്നാർ എസ്.ഐ ടി.എം. സൂഫിയുടെ നേതൃത്വത്തിെല മൂന്നംഗ സംഘം ശനിയാഴ്ച ഇടമലക്കുടിയിലെത്തി. കാട്ടുമൃഗങ്ങളെ വേട്ടയാടുകയോ ഭക്ഷിക്കുകയോ ചെയ്യാത്തവരാണ് ഇടമലക്കുടിയിലെ മുതുവാൻ സമൂഹം. കാട്ടുകിഴങ്ങുകളും പച്ചക്കറികളുമാണ് മുഖ്യആഹാരം. ഇടമലയാറിൽനിന്നും പെട്ടിമുടിയാറിൽനിന്നും പിടിക്കുന്ന മീനും, പുറത്തുനിന്ന് വാങ്ങുന്ന ഇറച്ചിക്കോഴിയുമാണ് വല്ലപ്പോഴുമുള്ള മാംസാഹാരം. ഈ രീതി തുടരുന്നവർ തോക്ക് കൈവശം െവക്കാറുമില്ല. ഇടമലക്കുടിക്കാർ കാട്ടുമൃഗങ്ങളെ വേട്ടയാടുന്നതായി വനം വകുപ്പും ഇതുവരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നാടൻ തോക്ക് ഉപയോഗിച്ച് നടന്ന വെടിവെപ്പ് സംശയത്തിനിടയാക്കുന്നത്.
വന്യജീവികളുടെ വിഹാരകേന്ദ്രമാണ് ഇടമലക്കുടി വനമേഖല. പുറത്തുനിന്ന് എത്തുന്ന നായാട്ടുസംഘം ആരെയെങ്കിലും സ്വാധീനിച്ച് തോക്ക് അവിടെ ഒളിപ്പിച്ചിരിക്കാമെന്നാണ് കരുതുന്നത്. പൊലീസ് തിരയുന്ന പ്രതി 14 വർഷം മുമ്പ് കുടിയിൽ നടന്ന മോഷണത്തിലെ അംഗമായിരുന്നു. ആചാരപ്രകാരം ഒരാൾ മരിച്ചാൽ ആഭരണങ്ങൾ സഹിതമാണ് അടക്കം ചെയ്യുന്നത്. അങ്ങനെ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് ആഭരണങ്ങൾ കവരാൻ ശ്രമിച്ചവരിൽ ലക്ഷ്മണനുമുണ്ടായിരുന്നു. ഊരുകൂട്ടം കൂടി നാലുപേരെ അന്ന് ഉൗരുവിലക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.