ഇടമലക്കുടിക്കാർക്കും ഇനി സ്വന്തം ആശുപത്രി
text_fieldsമൂന്നാർ: ഒടുവിൽ ഇടമലക്കുടിക്കാർക്കും സ്വന്തം ആശുപത്രിയായി. സംസ്ഥാനത്തെ ഏക ഗോത്രവർഗ വനാന്തര പഞ്ചായത്തായ ഇടമലക്കുടിയിൽ സ്ഥാപിച്ച സാമൂഹികാരോഗ്യ കേന്ദ്രം വ്യാഴാഴ്ച രാവിലെ 10ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്ത് ഒരു പഞ്ചായത്തിൽ ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്ന സർക്കാർ നയം ഈ പഞ്ചായത്തിൽ നടപ്പായിരുന്നില്ല. 1982ൽ പ്രവർത്തനമാരംഭിച്ച ഒരു ഉപകേന്ദ്രം മാത്രമാണ് ഇടമലക്കുടിയിൽ ഉണ്ടായിരുന്നത്. 2010ലാണ് പഞ്ചായത്ത് രൂപവത്കൃതമായത്. മണിക്കൂറുകളോളം കൊടുംകാട്ടിലൂടെ നടന്നാലേ ആശുപത്രിയിൽ എത്താൻ കഴിയൂ.
ഇവരുടെ വർഷങ്ങളായുള്ള ആവശ്യത്തെ തുടർന്നാണ് പഞ്ചായത്തിൽ ആരോഗ്യകേന്ദ്രം അനുവദിച്ചത്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ അനുവദിച്ച ഒരുകോടിയും പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് 20 ലക്ഷവും ചെലവിട്ടാണ് പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിൽ 20 കിടക്കകളോടെ ആരോഗ്യകേന്ദ്രം നിർമിച്ചത്.
നാലുവർഷം മുമ്പ് നിർമാണം പൂർത്തിയായതാണെങ്കിലും ജീവനക്കാരെ നിയമിക്കാതിരുന്നതും വൈദ്യുതി കണക്ഷൻ ലഭിക്കാൻ വൈകിയതും പ്രവർത്തനം തുടങ്ങാൻ തടസ്സമായി.
ഇടമലക്കുടിയിലെ ആരോഗ്യ ഉപകേന്ദ്രം 2021ൽ ഈ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. രണ്ട് ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും നിയമിച്ചതോടെയാണ് ആശുപത്രി സാമൂഹികാരോഗ്യ കേന്ദ്രമായി പ്രവർത്തനം തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.