ദേവികുളം മണ്ഡലം: സുപ്രീംകോടതിയെ സത്യാവസ്ഥ ബോധ്യപ്പെടുത്തും -എ.രാജ
text_fieldsമൂന്നാർ: ദേവികുളം മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് അസാധുവാക്കിയുള്ള ഹൈകോടതി ഉത്തരവ് തന്റെ വാദം പരിശോധിക്കാതെയെന്നും സുപ്രീംകോടതിയെ സത്യാവസ്ഥ ബോധ്യപ്പെടുത്താമെന്ന് കരുതുന്നതായും എ. രാജ. ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറുന്നവരുടെ ജാതി സംവരണം സംബന്ധിച്ച് 1950 ൽ രാഷ്ട്രപതിയുടെ ഉത്തരവുള്ളതാണ്. ഈ ഉത്തരവ്പ്രകാരം ഏതു സംസ്ഥാനത്ത് നിന്നാണോ കുടിയേറിയത് ആ സംസ്ഥാനത്തെ സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ ആനുകൂല്യം കുടിയേറിയ സംസ്ഥാനത്തും ലഭിക്കുമെന്ന് രാജ പറഞ്ഞു.
രാഷ്ട്രപതിയുടെ ഈ ഉത്തരവ് ഹൈകോടതിയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. മൂന്നു തലമുറയായി തന്റെ കുടുംബം മൂന്നാറിലാണ് താമസം. 1949 ൽ മുത്തശ്ശി ഇവിടെ തേയിലത്തോട്ടത്തിൽ ജോലി ചെയ്തതിന്റെ രേഖകളുണ്ട്. 1952ൽ അച്ഛൻ ജനിച്ചതിന്റെ രേഖകളും മൂന്നാർ പഞ്ചായത്തിലുണ്ട്. ഇതെല്ലാം കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നിട്ടും ഏകപക്ഷീയ വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്ന് രാജ പറയുന്നു.
തന്റെ വിവാഹം പള്ളിയിൽ വെച്ചല്ല, വീട്ടിൽ വെച്ചായിരുന്നു. തുടർന്ന് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുകയായിരുന്നു. തന്റെ മാതാവിനെ സംസ്കരിച്ചത് കുണ്ടള പൊതുശ്മശാനത്തിലാണെന്നും രാജ പറയുന്നു. എതിർകക്ഷിയായ ഡി.കുമാറിന്റെ ശരിയായ പേര് സ്കൂൾ രേഖകൾ പ്രകാരം കുറുവയ്യ എന്നാണെന്നും പിന്നെങ്ങനെ ഡി.കുമാറായി എന്ന് പരിശോധിക്കണമെന്നും രണ്ട് ദിവസത്തിനുള്ളിൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും രാജ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.