വട്ടവടയിൽ വിളവ് ചുമക്കാൻ കുതിരകളില്ല; കർഷകർ വലയുന്നു
text_fieldsമൂന്നാർ: ചുമടെടുക്കാൻ കുതിരകൾ ഇല്ലാതായതോടെ വട്ടവടയിലെ പച്ചക്കറി കർഷകർ പ്രതിസന്ധിയിലായി. കൃഷിത്തോട്ടങ്ങളിൽനിന്ന് റോഡിലേക്ക് വിളവുകൾ എത്തിക്കുന്ന കുതിരകൾക്കാണ് ക്ഷാമം നേരിടുന്നത്.
ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവടയിലെ തൊഴിലാളികളെ സഹായിക്കുന്നത് കുതിരകളാണ്. തോട്ടത്തിന് അകത്തേക്ക് വാഹനങ്ങൾക്ക് പോകാൻ കഴിയില്ല. വീതിയുള്ള വഴിയില്ലാത്തതാണ് പ്രധാന കാരണം. ഉഴുതിടുന്ന ഭൂമിയായതിനാൽ വാഹനങ്ങളുടെ ചക്രങ്ങൾ താഴുന്നതിനും കാരണമാകും. ഇതിന് പരിഹാരമായാണ് കാലങ്ങളായി കർഷകർ കുതിരകളെ ഉപയോഗിക്കുന്നത്.
ഇത്തവണ വിളവെടുപ്പ് സമയമെത്തിയപ്പോൾതന്നെ വട്ടവടയിലെ ഗ്രാൻറീസ് മരങ്ങൾ മുറിക്കാൻ തുടങ്ങി. ഇതോടെ കുതിരയെ വളർത്തുന്നവരും കുതിരയെ നോക്കുന്നവരും ഗ്രാൻറീസ് മരങ്ങൾ മുറിക്കാനും ചുമക്കാനും പോയി. കൂടുതൽ കൂലി ലഭിക്കുന്ന ജോലിയായതിനാൽ കുതിരയെ ഒഴിവാക്കി തടിപ്പണികൾക്ക് തൊഴിലാളികൾ പോകുന്നത്.
നൂറുകണക്കിന് ഏക്കർ വിസ്തൃതിയിൽ കിടക്കുന്ന തോട്ടങ്ങളുടെ നടുവിൽനിന്ന് വിളവെത്തിക്കുന്നതാണ് ഇപ്പോൽ ബുദ്ധിമുട്ടായിരിക്കുന്നത്. വിത്തും വളവും തോട്ടത്തിൽ എത്തിക്കാനും വിളവുകൾ റോഡിൽ എത്തിക്കാനും കുതിരകളെയാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ കുതിരകൾ വരാതായതോടെ തലച്ചുമടായി വേണം വിളവുകൾ റോഡിൽ എത്തിക്കാൻ. കുതിരകൾ ഒരുതവണ 300 കിലോവരെ ചുമന്ന് എത്തിക്കുന്ന സ്ഥാനത്ത് തൊഴിലാളികൾ ആറുതവണവരെ ചുമന്ന് കൊണ്ടുവരേണ്ട അവസ്ഥയുണ്ട്. വിവിധയിനം ബീൻസുകളുടെ വിളവെടുപ്പ് സമയമാണിത്. ഇവ റോഡിലെത്തിച്ച് യഥാസമയം കമ്പോളത്തിൽ എത്തിച്ചില്ലെങ്കിൽ വൻ നഷ്ടമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.