ഇത് പഴഞ്ചൻ ബസല്ല, പുതുമയുള്ള ഭക്ഷണശാല
text_fieldsമൂന്നാർ: കുടുംബശ്രീയും കെ.എസ്.ആർ.ടി.സിയും കൈകോർത്തതോടെ മൂന്നാറിൽ ജീവിതം കരുപ്പിടിപ്പിക്കാൻ വഴിതെളിഞ്ഞത് 15 കുടുംബങ്ങൾക്ക്. കെ.എസ്.ആർ.ടി.സിയിൽനിന്ന് വാടകയ്ക്ക് എടുത്ത പഴഞ്ചൻ ബസ് രൂപമാറ്റം വരുത്തി ഭക്ഷണശാലയാക്കി മാറ്റിയാണ് പഴയമൂന്നാർ ബസ്സ്റ്റാൻഡിൽ കുടുംബശ്രീ പിങ്ക് കഫേ ആരംഭിച്ചത്. പ്രസിഡന്റ് സന്ധ്യ, സെക്രട്ടറി രതി എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് ഈ സംരംഭത്തിലെ അംഗങ്ങൾ. ദേവികുളം ബ്ലോക്കിൽ ആർ.കെ.ഐ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം ഉടലെടുത്തത്.
മാസം 23,000 രൂപ കെ.എസ്.ആർ.ടി.സിക്ക് വാടക നൽകി എടുത്ത ബസ് രൂപമാറ്റം വരുത്തി ഭക്ഷണശാല ആക്കുകയായിരുന്നു. അതിഥികൾക്ക് ബസിനകത്തിരുന്ന്തന്നെ കഴിക്കാൻ 15 ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ദേശീയ പാതയോരത്ത് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽതന്നെയാണ് കഫേയുടെ പ്രവർത്തനം. 15 അംഗ കുടുംബശ്രീയിലെ മൂന്നുപേർ വീതമാണ് ഓരോ മാസവും ഇത് ഏറ്റെടുത്ത് നടത്തുന്നത്.
ചെലവ് കഴിഞ്ഞ് ഒരു മാസം കിട്ടുന്ന ലാഭം മൂവർക്കും വീതിച്ചെടുക്കാം. ഊഴമനുസരിച്ച് ആറ് മാസത്തിലൊരിക്കൽ ഒരു ഗ്രൂപ്പിന് അവസരം ലഭിക്കും. പ്രധാനമായും വിനോദസഞ്ചാരികളെ ആശ്രയിച്ചാണ് പിങ്ക് കഫേ പ്രവർത്തനം. അതുകൊണ്ടുതന്നെ സീസണിൽ നല്ല വരുമാനവും ലഭിക്കുന്നു.രാവിലെ എഴ് മുതൽ രാത്രി ഏഴ് വരെയാണ് പ്രവർത്തനം.
പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ വൈവിധ്യമാർന്ന വിഭവങ്ങളുമായി ഇവിടെ ലഭിക്കും. അധ്വാനിക്കാനുള്ള മനസ്സും കൂട്ടായ പ്രവർത്തനത്തിനുള്ള ഇച്ഛാശക്തിയുമുണ്ടെങ്കിൽ ഒരു സംരംഭം വിജയത്തിലെത്തിക്കാം എന്നതിന് മറ്റ് കുടുംബശ്രീ സംരംഭങ്ങൾക്കെല്ലാം മാതൃകയാകുകയാണിത്. കുടിവെള്ളത്തിന്റെ ലഭ്യത ഇവർ നേരിടുന്ന പ്രധാന വെല്ലുവിളി. വെള്ളം കിട്ടാതെ വരുന്നതിനാൽ ചില ദിവസങ്ങളിൽ അടച്ചിടേണ്ട സ്ഥിതിയുണ്ട്. എന്നാലും മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് വ്യത്യസ്തമായ രുചിയനുഭവം വിളമ്പി വിജയഗാഥ രചിക്കുകയാണ് പിങ്ക് കഫെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.