കൺമുന്നിൽ രണ്ട് കടുവകൾ; വിറയൽ മാറാതെ കന്തസാമി
text_fieldsമൂന്നാർ: മുന്നിലേക്ക് ചാടിവീണ രണ്ടു കടുവകളുടെ രൂപവും മുരൾച്ചയുമാണ് തോട്ടം തൊഴിലാളിയായ കന്തസാമിയുടെ (50) മനസ്സിലിപ്പോഴും. വെള്ളിയാഴ്ച ഉച്ചയോടെ രണ്ട് കടുവകൾ പശുവിനെ ആക്രമിച്ചത് കാണാനിടയായ സാമിയുടെ കണ്ണുകളിലെ ഭീതി വിട്ടുമാറിയിട്ടില്ല.
പെരിയവാര എസ്റ്റേറ്റിലെ ചോലമല ഡിവിഷനിൽ ഒന്നാം നമ്പർ തോട്ടത്തിലായിരുന്നു സംഭവം. എസ്റ്റേറ്റിലെ ആളുകളുടെ പശുക്കളെ തീറ്റാൻ കൊണ്ടുപോയതായിരുന്നു കന്തസാമി. രണ്ട് പശുക്കൾ അകലേക്ക് പോയപ്പോൾ അവയെ കൊണ്ടുവരാൻ പിന്നാലെപോയി. അപ്പോഴാണ് പിറകിൽനിന്ന് വലിയ മുരൾച്ച കേട്ടത്. തിരിഞ്ഞുനോക്കുമ്പോൾ കണ്ടത് തേയിലക്കാട്ടിൽനിന്ന് കുതിച്ചുചാടുന്ന കടുവകളെയാണ്. ഒരെണ്ണം വലുതും മറ്റൊന്ന് ചെറുതുമായിരുന്നു. കടുവയെ കണ്ടതോടെ താനാകെ തളർന്നുപോയെന്ന് സാമി പറയുന്നു. കൈയിൽ ആകെയുള്ളത് ഒരു വെട്ടുകത്തി മാത്രം.
നിമിഷനേരംകൊണ്ട് വലിയ കടുവ പശുവിെൻറ കഴുത്തിൽ പിടിത്തമിട്ട് കടിച്ചു. ചെറിയ കടുവ പശുവിെൻറ പിൻഭാഗത്തും കടിച്ചു. ഭാരംതാങ്ങാനാവാതെ പശുനിലത്ത് വീണപ്പോൾ സർവശക്തിയുമെടുത്ത് ഉറക്കെ കരഞ്ഞു. കരച്ചിലിെൻറ ശക്തികൊണ്ടോ ഭാഗ്യംകൊണ്ടാണോ എന്നറിയില്ല, കടുവകൾ പശുവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറഞ്ഞെന്ന് വിറയലോടെ കന്തസാമി പറഞ്ഞു. നിലവിളികേട്ട് തോട്ടത്തിലുണ്ടായിരുന്ന തൊഴിലാളികൾ എത്തിയാണ് കന്തസാമിയെ താങ്ങിയെടുത്തത്. തൊഴിലാളികളും കന്തസാമിയും ചേർന്ന് പരിക്കേറ്റ പശുവിനെ വീട്ടിലെത്തിച്ചു. എന്നാൽ, ഗുരുതര പരിക്കേറ്റ പശു വൈകീട്ട് ചത്തു. ചോലമല എസ്റ്റേറ്റിലെ മാരിയമ്മയുടേതാണ് പശു. ദിനേന 14 ലിറ്റർ പാൽ ലഭിച്ചിരുന്ന പശുവിനെയാണ് കടുവ കൊന്നത്. തേയിലത്തോട്ടത്തിന് അൽപം അകലെ ചോലവനത്തിൽനിന്നായിരിക്കാം കടുവ എത്തിയതെന്ന് സാമി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.