മൂന്നാറിലെ വഴിയോരക്കടകൾ ഒഴിപ്പിക്കൽ; മലക്കംമറിഞ്ഞ് എം.എൽ.എയും രാഷ്ട്രീയ പാർട്ടികളും
text_fieldsമൂന്നാർ: മൂന്നാറിലെ അനധികൃത വഴിയോരക്കടകൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിലപാടിൽ മലക്കംമറിഞ്ഞ് പ്രാദേശിക നേതാക്കൾ. ടൂറിസം കേന്ദ്രങ്ങളിൽ പെട്ടിക്കടകൾ ആവശ്യമാണെന്ന് സി.പി.ഐ, സി.പി.എം, കോൺഗ്രസ് നേതാക്കളും ദേവികുളം എം.എൽ.എയും സർവകക്ഷി യോഗത്തിൽ നിലപാടെടുത്തു. വഴിയോരക്കടകൾ അടിയന്തരമായി പൊളിച്ചുനീക്കാൻ സെപ്റ്റംബർ 10ന് ചേർന്ന ഗതാഗത ഉപദേശക സമിതി യോഗത്തിൽ എ. രാജ എം.എൽ.എ, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ സംഘടന നേതാക്കൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ ചേർന്നാണ് തീരുമാനിച്ചത്. ഇതിൽ നിന്നാണ് രാഷ്ട്രീയ നേതാക്കൾ ഇപ്പോൾ കളംമാറി ചവിട്ടിയിരിക്കുന്നത്.
സുപ്രീംകോടതി ഉത്തരവിന്റെ പേരിൽ മൂന്നാറിൽ നടത്തുന്ന വഴിയോരക്കച്ചവടങ്ങൾ ഒഴിപ്പിക്കുന്നത് നിർത്തിയില്ലെങ്കിൽ തടയുമെന്നാണ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിന്റെ തീരുമാനം. സുപ്രീംകോടതി ഉത്തരവ് മൂന്നാറിൽ മാത്രം നടപ്പാക്കാൻ കലക്ടറും സബ് കലക്ടറും ശ്രമിക്കുന്നത് എന്തുവില കൊടുത്തും എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്നുതടയും. വഴിയോരക്കച്ചവടം നടത്തുന്നവരിൽ അർഹതപ്പെട്ടവരെ കണ്ടെത്തി പുനരധിവസിപ്പിച്ച ശേഷം മാത്രമേ തുടർ ഒഴിപ്പിക്കൽ അനുവദിക്കൂവെന്നും തീരുമാനമെടുത്തു. അർഹതപ്പെട്ടവരെ കണ്ടെത്താൻ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, സി.പി.എം, സി.പി.ഐ, കോൺഗ്രസ് പ്രതിനിധികൾ അടങ്ങുന്ന അഞ്ചംഗ സബ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.
രണ്ടുദിവസം തുടർച്ചയായി നടന്ന ഒഴിപ്പിക്കൽ രണ്ടുദിവസത്തേക്ക് നിർത്തിയത് വെള്ളിയാഴ്ച വീണ്ടും പുനഃരാരംഭിക്കാനാണ് സബ്കലക്ടർ നിർദേശിച്ചിരുന്നത്. ഇതുവരെ ഹെഡ്വർക്സ് ഡാം-ആർ.ഒ കവല, ബൊട്ടാണിക്കൽ ഗാർഡൻ, പെരിയവര, രാജമല അഞ്ചാംമൈൽ, മൂന്നാർ ടൗൺ, പോസ്റ്റ് ഓഫിസ് കവല എന്നിവിടങ്ങളിലായി നൂറിലധികം കടകളാണ് ഒഴിപ്പിച്ചത്. ആദ്യം ഒഴിപ്പിക്കലിനെ അനുകൂലിച്ച എം.എൽ.എ അടക്കമുള്ളവർ നിലവിൽ എതിർ നിലപാടിലായതോടെ എന്തുണ്ടാകുമെന്ന് കണ്ടറിയണം. എന്തുവിലകൊടുത്തും ഇനി ഒഴിപ്പിക്കൽ തടയുമെന്നും സർവകക്ഷി യോഗത്തിൽ പങ്കെടുത്തവർ മുന്നറിയിപ്പ് നൽകി.
കലക്ടർ ഇടപെട്ട് ഒഴിപ്പിക്കൽ തൽക്കാലം നിർത്തിവെപ്പിച്ചതായാണ് സൂചന. ഗതാഗതക്കുരുക്ക് കൂടിയ ആർ.ഒ കവലയിലെ കടകൾ ഒഴിപ്പിക്കാൻ ഉചിതമായ തീരുമാനമെടുക്കാനാണ് കോടതി സബ് കലക്ടർക്ക് നിർദേശം നൽകിയത്. ഇക്കാര്യത്തിൽ ഒന്നും ചെയ്യാത്ത സബ് കലക്ടർ മറ്റുള്ളവരെ മാത്രം ഒഴിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് ചുവടുമാറ്റത്തിന് എം.എൽ.എയും രാഷ്ട്രീയ നേതാക്കളും പറയുന്ന ന്യായം. യോഗത്തിൽ തഹസിൽദാർ, പഞ്ചായത്ത് അസി. സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ്- പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.