ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിൽ വട്ടവട
text_fieldsമൂന്നാർ: ഭൂമി സംബന്ധമായ പ്രധാന രേഖകളും രജിസ്റ്ററുകളും വില്ലേജ് ഓഫിസുകളിൽ തിരികെ എത്തിക്കുന്നതോടെ വട്ടവടയിൽ ഭൂമി സംബന്ധമായി പ്രദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാവും.
അതിർത്തി പഞ്ചായത്തായ വട്ടവടയിൽ കൊട്ടക്കമ്പൂർ, വട്ടവട എന്നിങ്ങനെ വില്ലേജുകളാണുള്ളത്. സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ സംബന്ധിച്ച് ഏറെ വിവാദങ്ങളുള്ള മേഖലയാണ് വട്ടവട. 2006ൽ ഈ രണ്ട് വില്ലേജുകളിലായി 2000 ഏക്കർ നീലക്കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ചതോടെയാണ് ഈ വൻകിട കൈയേറ്റങ്ങൾ പുറംലോകം അറിയുന്നതും വിവാദങ്ങൾ ആരംഭിച്ചതും. ഇതിനിടെ മുൻ എം.പി ജോയ്സ് ജോർജിന്റെ കുടുംബം കൈവശം വെച്ചിരിക്കുന്നത് സർക്കാർ ഭൂമിയാണെന്ന ആരോപണം കൂടിയായതോടെ വിവാദം കൊഴുത്തു.
ഈ തർക്കങ്ങൾക്കിടയിൽ വില്ലേജ് ഓഫിസുകൾ തകർത്ത് രേഖകൾ നശിപ്പിക്കാൻ സാധ്യതയുള്ളതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഇതേത്തുടർന്നാണ് രണ്ട് വില്ലേജ് ഓഫിസുകളിലെയും ഭൂമി സംബന്ധമായ സുപ്രധാന രേഖകളും രജിസ്റ്ററുകളും ദേവികുളം ആർ.ഡി.ഒ ഓഫിസിലേക്ക് മാറ്റി സൂക്ഷിക്കാൻ കലക്ടർ ഉത്തരവിട്ടത്. അതോടെ രേഖകളുടെ പകർപ്പ് മാത്രമായി ഈ ഓഫിസുകളിൽ. ഒറിജിനൽ രജിസ്റ്ററുകൾ ഇല്ലാത്തതിനാൽ പട്ടയഭൂമിക്ക് കരം സ്വീകരിക്കുന്നതിനോ സ്ഥലം പോക്കുവരവ് ചെയ്യുന്നതിനോ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനോ തടസ്സം നേരിട്ടത് ജനങ്ങളെ ദുരിതത്തിലാക്കി.
ഇതിനിടെ, രേഖകൾ തിരിച്ചെത്തിക്കണമെന്നും ഭൂമിക്ക് കരംസ്വീകരിക്കണമെന്നും പോക്കുവരവ് നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഭൂസംരക്ഷണ സമിതിക്ക് രൂപംനൽകി സമരം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ദേവികുളം ആർ.ഡി.ഒ ഓഫിസിൽ സൂക്ഷിച്ചിരിക്കുന്ന ഒറിജിനൽ രേഖകളും രജിസ്റ്ററുകളും തിരിച്ചെത്തിക്കാൻ കലക്ടർ നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.