വട്ടവട വിപണന സമുച്ചയം നോക്കുകുത്തി; സർക്കാർ സഹായം തേടി ആയിരത്തോളം കർഷകർ
text_fieldsമൂന്നാർ: ഒരു കോടിയോളം രൂപ മുടക്കി സംസ്ഥാന സർക്കാർ രണ്ട് വർഷം മുമ്പ് വട്ടവടയിൽ തുറന്ന കാർഷിക വിപണന സമുച്ചയം കാടുകയറി നശിക്കുന്നു. പച്ചക്കറി ഉൽപന്നങ്ങൾ സൂക്ഷിക്കാനും വിൽപന നടത്താനുമായി ഊർക്കാട് ആരംഭിച്ച കേന്ദ്രമാണ് ലക്ഷ്യം കാണാതെ നശിക്കുന്നത്.
കേരളത്തിലെ ശീതകാല പച്ചക്കറിയുടെ ആസ്ഥാനമാണ് വട്ടവട. വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി ഉൽപാദിപ്പിക്കുന്ന വട്ടവടയിലെ കർഷകരെ സഹായിക്കാൻ 2019 സെപ്റ്റംബർ 24 നാണ് ആഘോഷമായി തുറന്നത്.
വർഷത്തിൽ നാലു സീസണുകളിലായി കൃഷിയിറക്കുന്ന വട്ടവടയിലെ കർഷകർക്ക് വിറ്റഴിക്കലാണ്പ്രധാന വെല്ലുവിളി. പലയിടത്തായി കൃഷിചെയ്യുന്ന ഉൽപന്നങ്ങൾ വിൽപനക്ക് കൊണ്ടുെവക്കാനും കേടാകാതെ സൂക്ഷിക്കാനുമുള്ള സൗകര്യം വട്ടവടയിൽ ഇല്ല. ഇതുമൂലം വ്യാപാരികളുടെ വലിയ ചൂഷണത്തിന് കർഷകർ ഇരയാകുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാർ വട്ടവടയിലെ സാധനങ്ങൾ ചെറിയ വിലയ്ക്ക് വാങ്ങി കേരളത്തിൽ തന്നെ വലിയ വിലയ്ക്ക് വിറ്റഴിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം വ്യാപകമായപ്പോഴാണ് സർക്കാർ ഇടപെട്ടത്. വട്ടവടയിലെ പച്ചക്കറികൾ സർക്കാർ ഏജൻസിയായ ഹോർട്ടികോർപ്പ് ന്യായവില നൽകി വാങ്ങുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്.
കർഷകർക്ക് പച്ചക്കറി ഒരിടത്ത് എത്തിക്കാനും സംഭരിക്കാനുമുള്ള കേന്ദ്രം ആരംഭിക്കുമെന്നും ഉറപ്പു നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് വട്ടവട പഞ്ചായത്തിലെ ഊർക്കാട്ടിൽ കാർഷിക വികസന ക്ഷേമ വകുപ്പ്, ഹോർട്ടികൾച്ചർ മിഷൻ, രാഷ്ട്രീയ കൃഷി വികാസ് യോജന എന്നിവരുടെ സംയുക്ത സംരംഭമായി കാർഷിക വിപണന സമുച്ചയം നിർമിച്ചത്.
ഒരു കോടിയോളം രൂപ മുടക്കി രണ്ടു നിലകളിലായി നിർമിച്ച സമുച്ചയത്തിെൻറ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ തന്നെ നേരിട്ടെത്തി നിർവഹിച്ചു.
ഉദ്ഘാടനം ചെയ്തതല്ലാതെ ഇന്നുവരെ വട്ടവടയിലെ ഒരു കർഷകനു പോലും ഈ കേന്ദ്രത്തിെൻറ പ്രയോജനം ലഭിച്ചിട്ടില്ല. കർഷകർ കൃഷിചെയ്ത് ഉൽപാദിപ്പിച്ച പച്ചക്കറി വാങ്ങിയ ഇനത്തിൽ അരക്കോടിയോളം രൂപ ഹോർട്ടികോർപ്പ് കൊടുക്കാനുള്ളപ്പോഴാണ് കോടികൾ മുടക്കി വിപണന കേന്ദ്ര മാമാങ്കം സർക്കാർ നടത്തിയത്. രണ്ട് വർഷം കൊണ്ട് കെട്ടിടത്തിൻറ പലഭാഗങ്ങളും കാടുപിടിച്ചു തുടങ്ങി.
ചില സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഇടക്കാലത്ത് താമസിക്കാനും ഷട്ടിൽ കളിക്കാനുമാണ് ഈ വലിയ കെട്ടിട സമുച്ചയം ഉപയോഗിക്കുന്നത്. ഖജനാവിലെ പണം പാഴാക്കാതെ കർഷകർക്ക് പ്രയോജനപ്രദമായ രീതിയിൽ വിപണന കേന്ദ്രം പ്രവർത്തിപ്പിക്കുന്നത് കാത്തിരിക്കുകയാണ് വട്ടവടയിലെ കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.