മൊത്തവില ഇടിഞ്ഞിട്ടും പച്ചക്കറി വിപണിവില ഉയർന്നുതന്നെ; ഇടനിലക്കാരുടെ ചൂഷണം മൂലം കർഷകർ ദുരിതത്തിൽ
text_fieldsമൂന്നാർ: ഓണം കഴിഞ്ഞതോടെ പച്ചക്കറികളുടെ മൊത്തവില ഇടിഞ്ഞെങ്കിലും വിപണിവില ഉയർന്നുതന്നെ. ശീതകാല പച്ചക്കറി ഉൽപാദന കേന്ദ്രങ്ങളായ വട്ടവട, കാന്തല്ലൂർ പഞ്ചായത്തുകളിലെ കർഷകരാണ് വിലയിടിച്ചുള്ള ഇടനിലക്കാരുടെ ചൂഷണം മൂലം ദുരിതത്തിലായത്.
ഓണ സീസണിൽ കർഷകർക്ക് കിലോക്ക് 13 രൂപവരെ ലഭിച്ച കാബേജിന് ഇപ്പോൾ മൊത്തക്കച്ചവടക്കാർ നൽകുന്നത് ആറുരൂപയാണ്. 30 രൂപവരെയുണ്ടായിരുന്ന ക്യാരറ്റിന് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത് 10 രൂപ. 33 രൂപയുണ്ടായ ഉരുളക്കിഴങ്ങിന് മൊത്തവില 22 രൂപ മാത്രം. തങ്ങളുടെ ഉൽപന്നങ്ങൾക്ക് ന്യായവില കിട്ടാതെ കർഷകർ വലയുമ്പോൾ വട്ടവടയിൽനിന്ന് 40 കിലോമീറ്റർ മാത്രം ദൂരെ മൂന്നാറിലെ ചന്തയിൽ പച്ചക്കറികൾക്ക് ഓണക്കാലത്ത് ഉണ്ടായിരുന്ന വിലതന്നെ. ക്യാരറ്റ്, കിഴങ്ങ് എന്നിവക്ക് കിലോക്ക് 50ഉം കാബേജിന് 30 രൂപയുമാണ് ഇവിടത്തെ വില. തുച്ഛമായ വിലനൽകി കർഷകരിൽനിന്ന് ഇടനിലക്കാർ ശേഖരിക്കുന്ന പച്ചക്കറികൾ വിപണിയിൽ എത്തുമ്പോൾ വിലയിൽ വലിയ വ്യത്യാസം വരുത്തി വൻലാഭം കൊയ്യുകയാണ് ഇടനിലക്കാരും കച്ചവടക്കാരും. വട്ടവടയിലും കാന്തല്ലൂരും ഇപ്പോഴും വിളവെടുപ്പ് തുടരുകയാണ്. ദിവസേന 15 മുതൽ 20 വരെ ടൺ പച്ചക്കറികൾ വട്ടവടയിൽനിന്നുമാത്രം കയറ്റിപ്പോകുന്നുണ്ട്. ഇതിൽ 70 ശതമാനവും ഇടനിലക്കാർവഴി തമിഴ്നാട്ടിലേക്കാണ് പോകുന്നത്. സാധാരണ ഓണസീസണ് മുമ്പ് കൃഷിമന്ത്രി വട്ടവട, കാന്തല്ലൂർ പ്രദേശങ്ങൾ സന്ദർശിച്ചും കർഷക പ്രതിനിധികളുമായി സംസാരിച്ചും പച്ചക്കറി സംഭരണ നടപടി കാര്യക്ഷമമാക്കിയിരുന്നു.
ഏജന്റുമാർ നൽകുന്നതിനെക്കാൾ ഉയർന്ന വില കർഷകർക്ക് ലഭിക്കാൻ ഇത് കാരണമായിരുന്നു. എന്നാൽ, ഇക്കുറി പച്ചക്കറി സംഭരണത്തിന് കൃഷിവകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല ഹോർട്ടികോർപ് സംഭരണത്തിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. കൃഷിവകുപ്പിന്റെ ജാഗ്രതയും ഇടപെടലും മൂലം കഴിഞ്ഞ കുറേ വർഷങ്ങളായി രംഗത്ത് സജീവമല്ലാതിരുന്ന ഇടനിലക്കാർ ഇത്തവണ അവസരം മുതലെടുത്ത് കളത്തിലെത്തി.
മൂന്നാറിലെ സ്വകാര്യ തേയിലക്കമ്പനി വഴി പച്ചക്കറികൾ ശേഖരിച്ച ഹോർട്ടികോർപിന്റെ നടപടിക്ക് എതിരെയും കർഷക പ്രതിഷേധം ഉയർന്നിരുന്നു. തങ്ങളുടെ വിപണന ശൃംഖലകൾ വഴി വിൽക്കാനെന്ന പേരിലാണ് സ്വകാര്യ കമ്പനി വട്ടവടയിലെ കർഷകരിൽനിന്ന് പച്ചക്കറികൾ വാങ്ങിയത്. ഇടനിലക്കാർ നൽകുന്ന വില മാത്രമാണ് സ്വകാര്യ കമ്പനിയും നൽകിയത്. ഓണം കഴിഞ്ഞതോടെ ഇവർ സംഭരണത്തിൽനിന്ന് പിന്മാറുകയും ചെയ്തു. കർഷകർക്ക് കൈത്താങ്ങാവേണ്ട ഹോർട്ടികോർപ് ഇക്കുറി കബളിപ്പിച്ചതായാണ് അവരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.