കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസറും സ്പെഷൽ വില്ലേജ് ഓഫിസറും പിടിയിൽ
text_fieldsമൂന്നാർ: വിലയ്ക്കു വാങ്ങിയ മരങ്ങൾ മുറിക്കാൻ പാസ് കിട്ടുന്നതിന് 1,15,000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫിസറും സ്പെഷൽ വില്ലേജ് ഓഫിസറും പിടിയിൽ. ഇടുക്കി വട്ടവട വില്ലേജ് ഓഫിസർ ഇരുമ്പുപാലം സ്വദേശി എം.എം. സിയാദ്, സ്പെഷൽ വില്ലേജ് ഓഫിസർ ചേർത്തല സ്വദേശി പി.ആർ. അനീഷ് എന്നിവരെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
പരാതിക്കാരായ വട്ടവട പട്ടിയേങ്കൽ ഭാഗത്ത് താമസിക്കുന്ന വിൻസെൻറ്, അലക്സാണ്ടർ എന്നിവരോട് 1,20,000 രൂപയാണ് ഇവർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് യൂക്കാലിപ്റ്റസ്, ഗ്രാൻറിസ് മരങ്ങൾ വെട്ടിക്കൊണ്ടു പോകാൻ പാസിനായി വട്ടവട വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് അപേക്ഷയിൽ തീരുമാനം വൈകിപ്പിച്ചു. ഒടുവിൽ പാസ് അനുവദിക്കുന്നതിന് നിയമാനുസൃത ഫീസിനൊപ്പം ഒരു ലക്ഷം രൂപ വില്ലേജ് ഓഫിസർക്കും 20,000 രൂപ വില്ലേജ് അസിസ്റ്റൻറുമാർക്കും നൽകണമെന്ന് ആവശ്യപ്പെട്ടു. 50,000 രൂപ ആദ്യഗഡുവായി നൽകാമെന്ന് പറഞ്ഞപ്പോൾ മൊത്തം തുകയും ഒരുമിച്ച് വേണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചു. തുടർന്നാണ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്.
വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യുറോ കിഴക്കൻ മേഖല എസ്.പി. വി.ജി വിനോദ്കുമാറിെൻറ നിർദേശപ്രകാരം ഇടുക്കി യൂനിറ്റ് ഡിവൈ.എസ്.പി വി.ആർ. രവികുമാറിെൻറ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ ജയകുമാർ, മഹേഷ് പിള്ള, എസ്.ഐമാരായ കെ.എൻ.സന്തോഷ്, കെ.എൻ. ഷാജി, ജെയിംസ് ആൻറണി, പ്രസന്നകുമാർ, കെ.അനിൽകുമാർ, എ.എസ്.ഐമാരായ ബിജു വർഗീസ്, തുളസീധരകുറുപ്പ്, സ്റ്റാൻലി, വി.കെ. ഷാജികുമാർ, എസ്.സി.പി.ഒമാരായ പി.ആർ.സുരേന്ദ്രൻ, കെ.യു. റഷീദ്, അജയചന്ദ്രൻ, സന്ദീപ് ദത്തൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.