റേഷൻകടക്കുനേരെ വീണ്ടും പടയപ്പ; അരി വാങ്ങാനെത്തിയവർ ചിതറിയോടി
text_fieldsമൂന്നാർ: റേഷൻകടക്കുനേരെ പടയപ്പയുടെ ആക്രമണം തുടരുന്നു. ഇത്തവണ കണ്ണൻ ദേവൻ കമ്പനിയുടെ സൈലന്റ് വാലി എസ്റ്റേറ്റിലെ രണ്ടാം ഡിവിഷനിലായിരുന്നു പടയപ്പയുടെ പരാക്രമം.
ഈ ഡിവിഷനിൽ രാജ എന്നയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന റേഷൻകടക്ക് സമീപം ശനിയാഴ്ച വൈകീട്ട് ആറോടെയാണ് പടയപ്പ എത്തിയത്. രാജക്കൊപ്പം സഹായി കറുപ്പസാമിയും കടക്കുള്ളിലുണ്ടായിരുന്നു. ഈ സമയം സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർ റേഷൻ വാങ്ങാൻ പുറത്ത് കാത്തുനിന്നിരുന്നു. സമീപത്തെ കാട്ടിൽനിന്ന് പെട്ടെന്ന് ഇറങ്ങി കടക്കുനേരെ വന്ന ആനയെക്കണ്ട് പുറത്തുനിന്നവർ ഓടി.
രണ്ടുപേരെ വിരട്ടിയോടിക്കുകയും ചെയ്തു. പുറത്തിറങ്ങാനാകാതെ കടയുടമ രാജയും സഹായി കറുപ്പസ്വാമിയും കടക്കുള്ളിൽപെട്ടു. മുറിയുടെ മേൽക്കൂര ഷീറ്റുകൾ ആന തകർക്കുന്നതിനിടെ ആളുകളെത്തി ബഹളംവെച്ചതോടെയാണ് കൊമ്പൻ പിന്തിരിഞ്ഞത്. ഇതുമൂലം അരി നഷ്ടപ്പെട്ടില്ല. ജനവാസ മേഖലയിൽനിന്ന് മാറി കാടിനു സമീപം ഒറ്റപ്പെട്ട സ്ഥലത്താണ് റേഷൻകട. രാജ കുടുംബസമേതമാണ് ഇവിടെ മുമ്പ് താമസിച്ചിരുന്നത്.
എട്ടുവർഷം മുമ്പ് കാട്ടാനക്കൂട്ടം ഇവിടെയെത്തി റേഷൻകട കെട്ടിടം തകർത്തതിനെത്തുടർന്ന് ഇവിടെ നിന്ന് താമസം മാറുകയായിരുന്നു. കഴിഞ്ഞയാഴ്ച ഇവിടെനിന്ന് 10 കിലോമീറ്റർ ദൂരെ ഹാരിസൺ മലയാളം ലോക് ഹാർട്ട് എസ്റ്റേറ്റിലെ റേഷൻകട തകർത്ത് പടയപ്പ അരി ഭക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.