യുവാവിനെ വെട്ടിപ്പരിക്കേല്പിച്ചു
text_fieldsമൂന്നാര്‍: പള്ളിവക കെട്ടിടത്തില്‍ അതിക്രമിച്ച് കയറി കച്ചവടം നടത്തിയെന്ന് ആരോപിച്ച് ഒരുസംഘം ആളുകള്‍ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ചു. മൂന്നാര്‍ കാര്‍മല്‍ ബില്‍ഡിങ്ങില്‍ ഫ്രണ്ട്സ് ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിലെ റോയിക്കാണ് (45) വ്യാഴാഴ്ച പുലര്‍ച്ച വെേട്ടറ്റത്.
സംഭവത്തെപ്പറ്റി റോയിയുടെ മൊഴിയിങ്ങനെ: മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ദേവാലയത്തിന് സമീപത്തെ കാര്‍മല്‍ ബില്‍ഡിങ്ങിലെ കടയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി റോയിയും പള്ളിയുമായി വര്‍ഷങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. പള്ളി വികാരിയുടെ നേതൃത്വത്തില്‍ റോയിയെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കട പിടിച്ചെടുക്കുന്നതിന് ഇടവകയുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചതോടെ കടയിലാണ് അന്തിയുറങ്ങിയിരുന്നത്.
വ്യാഴാഴ്ച പുലര്‍ച്ച മൂന്നിന് 12 പേരടങ്ങുന്ന സംഘം കടയുടെ ഷട്ടര്‍ തല്ലിത്തകര്‍ത്ത് കമ്പി, വടിവാള്‍ എന്നിവ ഉപയോഗിച്ച് ആക്രമിച്ചു. തുടര്‍ന്ന് വാഹനത്തില്‍ കയറ്റി പെരിയവാര പാലത്തിന് സമീപത്ത് കൊണ്ടുപോയും ദേവാലയത്തിന് സമീപത്തെ കെട്ടിടത്തിലെത്തിച്ച് പൂട്ടിയിട്ടും മര്‍ദിച്ചു. കടയിലെ സാധനങ്ങള്‍ മറ്റൊരു വാഹനത്തില്‍ കയറ്റി എവിടേക്കോ കൊണ്ടുപോയി. തലക്കും കാലിനും പരിക്കേറ്റ തന്നെ അക്രമികൾ തന്നെയാണ് മൂന്നാര്‍ ജനറൽ ആശുപത്രിയിൽ എത്തിച്ചതെന്നാണ് മൊഴി.
സംഭവത്തില്‍ അടിമാലി സി.ഐ അനില്‍ ജോര്‍ജിെൻറ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അക്രമികളിൽ ഭൂരിഭാഗവും ഇടവക അംഗങ്ങളാണെന്നാണ് സൂചന. ഇവരില്‍ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കടയിലെ സാധനങ്ങള്‍ കൊണ്ടുപോയ വാഹനം പൊലീസ് കണ്ടെടുത്തു. ഫോറൻസിക് അധികൃതര്‍ പരിശോധന നടത്തി. തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, വീടുകയറി ആക്രമിക്കല്‍, കൊലപാതകശ്രമം തുടങ്ങിയ ആറോളം വകുപ്പുകള്‍ പ്രകാരമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.