മുട്ടം-കരിങ്കുന്നം കുടിവെള്ള പദ്ധതി ഇഴയുന്നു
text_fieldsമുട്ടം: കരിങ്കുന്നം-മുട്ടം പഞ്ചായത്തുകളിലെ ഇരുപത്തി അയ്യായിരത്തിലധികം വീടുകളിലേക്ക് കുടിവെള്ളം എത്തുന്ന സമ്പൂർണ കുടിവെള്ള പദ്ധതിക്ക് വേഗം പോരാ. 2024 ൽ പൂർത്തീകരിക്കാനുദ്ദേശിച്ച പദ്ധതി 2025 ലും യാഥാർഥ്യമാകുമോ എന്നതാണ് സംശയം. പുതിയ ട്രീറ്റ്മെന്റ് പ്ലാന്റും പൈപ്പ് ലൈനുകളും വലിച്ച് ഒമ്പത് പുതിയ ടാങ്കുകളും നിർമിച്ച് വേണം പദ്ധതി പൂർത്തിയാക്കാൻ.
പഴയ ടാങ്കുകൾ നവീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യണം. മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന മുട്ടം ടൗണിലെ റോഡ് വെട്ടിപ്പൊളിച്ച് പമ്പിങ്-വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കണം. ഇതിന് മാത്രം മാസങ്ങൾ വേണ്ടിവരും. എന്നാൽ, ഇതിനാവശ്യമായ നടപടികൾക്ക് ഒച്ചിഴയും വേഗം മാത്രമേ ഉള്ളൂ. കരാറുമായി ബന്ധപ്പെട്ട ഷെഡ്യൂൾഡ് നിരക്കിലെ അപാകത മൂലം ആറ് മാസം വീട്ടുകണക്ഷന്റെ ടെൻഡർ നടപടികൾ വൈകിയിരുന്നു.
2016 കാലഘട്ടത്തിലെ പി.ഡബ്ല്യു.ഡി നിരക്കിനെ അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിച്ചിരുന്നത്. 2016ന് ശേഷം ഉൽപന്നങ്ങളുടെ വിലയിൽ വർധന ഉണ്ടായെങ്കിലും ഷെഡ്യൂൾഡ് നിരക്ക് വർധിപ്പിച്ചില്ല. ഇതോടെ അറ്റകുറ്റപ്പണികൾ നടത്തുന്ന കരാറുകാർക്ക് മുടക്ക് മുതൽപോലും ലഭിക്കാത്ത അവസ്ഥയാണെന്ന് പറയുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ നടത്തിയതോടെ 2018ലെ നിരക്ക് പ്രാബല്യത്തിലാക്കി നൽകിയിട്ടുണ്ട്.
കോടികളുടെ പൈപ്പ് ലൈൻ നീട്ടൽ അനിശ്ചിതത്വത്തിൽ
വീടുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ നീട്ടൽ ആരംഭിച്ചെങ്കിലും നിലച്ച അവസ്ഥയിലാണ്.14.81 കോടി രൂപയുടെ പദ്ധതിയാണ് പാതി വഴിയിൽ നിലച്ചത്.
പൈപ്പുകൾ സ്ഥാപിക്കണമെങ്കിൽ ടാറിങ് ഉൾെപ്പടെയുള്ളവ പൊട്ടിക്കേണ്ടതുണ്ട്. ഇതിന് അനുമതി ലഭിക്കാൻ കാലതാമസം നേരിടുന്നതാണ് കാരണം. മുട്ടം-കരിങ്കുന്നം പഞ്ചായത്തുകളിലെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് ലോഡ് കണക്കിന് പൈപ്പുകളാണ് തുടങ്ങനാട്ടിൽ ഇറക്കിയിട്ടിരിക്കുന്നത്.
മൂന്ന് പതിറ്റാണ്ടിലധികം കാലപ്പഴക്കം
നിലവിലെ കുടിവെള്ള പദ്ധതിക്ക് മൂന്ന് പതിറ്റാണ്ടിലധികം കാലപ്പഴക്കമുണ്ട്. മോട്ടോറുകളും വിതരണ പൈപ്പുകളും കാലപ്പഴക്കം മൂലം ദിനേനയെന്നോണം തകരാറിലാകുന്നുണ്ട്. കാലഹരണപ്പെട്ട ആസ്ബറ്റോസ് പൈപ്പുകൾ ഉൾെപ്പടെയാണ് നിലവിൽ കിടക്കുന്നത്. വേനലാകുന്നതോടെ പൈപ്പുകൾ പൊട്ടിയും മോട്ടോറുകൾ കേടായും ദിവസങ്ങളോളം കുടിവെള്ള വിതരണം തടസ്സപ്പെടും. വർഷങ്ങൾക്ക് മുമ്പ് ഒമ്പതിനായിരത്തോളം ജനസംഖ്യ കണക്കാക്കി ഒരാൾക്ക് 35 ലിറ്റർ എന്ന രീതിയിൽ ആരംഭിച്ച പദ്ധതിയാണ് ഇപ്പോഴും ഉള്ളത്. നിലവിൽ 13,000 ത്തിലധികം ജനങ്ങളാണ് മുട്ടത്ത് അധിവസിക്കുന്നത്.
വേനൽ കടുക്കുമ്പോൾ മാത്തപ്പാറ, കണ്ണാടിപ്പാറ, കരിക്കനാംപാറ, മുഞ്ഞനാട്ട്കുന്ന്, കൊല്ലംകുന്ന് പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകാറുണ്ട്. ഇതിന്റെ പേരിൽ പലപ്പോഴും സംഘർഷവും പഞ്ചായത്തിലേക്കും ജലസേചന വകുപ്പ് ഓഫിസിലേക്കും പ്രതിഷേധങ്ങളും സംഘടിപ്പിക്കാറുണ്ട്. മാത്തപ്പാറ കോളനിയിൽ കുടിവെള്ളം മുടങ്ങിയതിന്റെ പേരിൽ തുടർച്ചയായി 36 മണിക്കൂർ പമ്പ് ഹൗസ് ഉപരോധിച്ച സംഭവവും ഉണ്ട്. നിലവിൽ മാത്തപ്പാറ പമ്പ് ഹൗസിൽനിന്ന് കൊല്ലംകുന്ന് മലയിലെ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്തശേഷം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. 90,75,35 കുതിര ശക്തിയുള്ള മൂന്ന് മോട്ടോറുകളാണ് മാറി മാറി പ്രവർത്തിപ്പിക്കുന്നത്. കൂടാതെ ഇതേ പമ്പ് ഹൗസിൽ നിന്നുമാണ് കരിങ്കുന്നം പഞ്ചായത്തിലേക്കും വെള്ളം പമ്പ് ചെയ്യുന്നത്. ഈ രണ്ട് പഞ്ചായത്തിലെയും ക്ഷാമം തീരണമെങ്കിൽ സമ്പൂർണ കുടിവെള്ള പദ്ധതി യാഥാർഥ്യമാകണം.
പദ്ധതിക്കായി വേണ്ടത് 100 കോടി
100 കോടിയോളം രൂപയാണ് കുടിവെള്ള പദ്ധതിക്കായി വേണ്ടിവരുന്നത്. നബാർഡിന്റെയും ജൽജീവൻ മിഷന്റെയും ഫണ്ട് ഉപയോഗിച്ചാണ് യാഥാർഥ്യമാക്കുന്നത്. ഇതിലേക്കായി 61 കോടി വീതം ഇരു വിഭാഗങ്ങളിൽനിന്നും അനുവദിച്ചിട്ടുണ്ട്. നിലവിലെ മാത്തപ്പാറയിലെ പമ്പ്ഹൗസ് നിലനിർത്തി കുതിരശക്തി കൂടിയ മോട്ടോറുകൾ സ്ഥാപിക്കും. ഇവിടെനിന്നും പെരുമറ്റത്തിന് സമീപം നിർമിക്കുന്ന ശുചീകരണ ശാലയിലേക്ക് വെള്ളം പമ്പ് ചെയ്യും. ശുചീകരണ ശേഷം ഇവിടെനിന്ന് കൊല്ലംകുന്ന്, കാക്കൊമ്പ്, കണ്ണാടിപ്പാറ, പൊന്നംതാനം, വടക്കുംമുറി, നെല്ലാപ്പാറ, കുരിശുപാറ, പെരിങ്കോവ്, വള്ളിപ്പാറ കുടയത്തൂർ എന്നിവിടങ്ങളിലെ ടാങ്കുകളിലേക്ക് എത്തിക്കും. ഇതിൽ കൊല്ലംകുന്ന്, മടത്തിപ്പാറ ഉൾെപ്പടെയുള്ള ടാങ്കുകൾ നവീകരിക്കുമ്പോൾ ഒമ്പത് ടാങ്കുകൾ പുതിയതായി നിർമിക്കും. ഒരു കണക്ഷൻ കുടയത്തൂരിലേക്കും നൽകുന്നുണ്ട്. നിലവിലെ കുടിവെള്ള പദ്ധതിയുടെ ശുചീകരണ രീതി സ്ലോ സ്റ്റാൻഡ് ഫിൽട്ടറിങ് ആണെങ്കിൽ പുതിയത് റാപിഡ് സാൻഡ് ഫിൽട്ടറിങ്ങാണ്. ഈ രീതി കുടിവെള്ളത്തെ കൂടുതൽ ശുചീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.