നാടിനെ നടുക്കി അപകടം; രക്ഷാപ്രവർത്തനത്തിന് എത്തിയത് വൻ സന്നാഹം
text_fieldsമുട്ടം: പഞ്ചായത്തുപടിയിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ രക്ഷിക്കാൻ എത്തിയത് വൻ സന്നാഹം. തൊടുപുഴ, മൂലമറ്റം, ഈരാറ്റുപേട്ട അഗ്നിരക്ഷാ നിലയത്തിൽനിന്നായി നാല് യൂനിറ്റ് അഗ്നിരക്ഷാസേനയും നാൽപതോളം ഫയർമാൻമാരുമാണ് എത്തിയത്. ഇവരുടേതിന് പുറമെ മറ്റ് മൂന്ന് ആംബുലസും നിമിഷങ്ങൾക്കകം എത്തി.
നാട്ടുകാരായ നൂറുകണക്കിനാളുകൾ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും പുറത്തെടുക്കാൻ ഒന്നര മണിക്കൂർ വേണ്ടിവന്നു. 40 അടിയിലധികം താഴ്ചയിലേക്ക് വീണതിന്‍റെ ആഘാതത്തിൽ ലോറിയുടെ കാബിൻ ചതഞ്ഞ് അമർന്നിരുന്നു. കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ചുമാറ്റുമ്പോൾ ഉള്ളിലിരുന്ന ക്ലീനർ വേദനകൊണ്ട് കരയുകയായിരുന്നു.
ക്ലീനറുടെ ദേഹമാസകലം ചതവും ഒടിവും സംഭവിച്ചിട്ടുണ്ട്. ക്ലീനറെ പുറത്തെടുത്ത് മുക്കാൽ മണിക്കൂർകൂടി കഴിഞ്ഞാണ് ഡ്രൈവറെ പുറത്തെത്തിച്ചത്. നാട്ടുകാർ ഒത്തുപിടിച്ച് കാബിൻ ഉയർത്തി മാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന്, മുട്ടത്തുനിന്ന് ക്രെയിൻ എത്തിച്ച് കാബിനിൽ കയർകെട്ടി ഉയർത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്.
ഡീൻ കുര്യാക്കോസ് എം.പി, ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ്, തൊടുപുഴ ഡിവൈ.എസ്.പി, മുട്ടം, മേലുകാവ് സ്റ്റേഷനകളിലെ പൊലീസുകാർ എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടം നടന്ന സ്ഥലം നിരന്തര അപകട മേഖലയാണ്. കുത്തനെയുള്ള ഇറക്കവും കൊടുംവളവുമാണ് പ്രധാന കാരണം. ഇത് അറിയാതെ എത്തുന്ന ചരക്കുവണ്ടികളാണ് അധികവും അപകടത്തിൽപെടുന്നത്. ഈ കൊടുംവളവുകളിൽ എല്ലാം വീടുകളുണ്ട്. ഈ വീടുകളുടെ മുറ്റത്തേക്കാണ് പലപ്പോഴും വാഹനങ്ങൾ പതിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.