യുവതിക്കുനേരെ ആസിഡ് ആക്രമണം; ഫോറൻസിക് സംഘം തെളിവെടുത്തു
text_fieldsമുട്ടം: വനിത ദിനത്തിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. ആസിഡ് കൊണ്ടുവന്ന കുപ്പി, ആസിഡ് ശേഖരിച്ച സ്ഥലം എന്നിവിടങ്ങളിൽനിന്നാണ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചത്.
മുട്ടം ഇല്യാരി സ്വദേശിനി വാഴമലയിൽ സോനക്ക് (25) നേരെയാണ് ചൊവ്വാഴ്ച രാവിലെ ഭർത്താവിന്‍റെ ആസിഡ് ആക്രമണം ഉണ്ടായത്.
ഏഴു വർഷമായി ഭാര്യയുമായി പിരിഞ്ഞുകഴിയുന്ന പള്ളിക്കത്തൊട്ടിയിൽ രാഹുൽ രാജാണ് സോനയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. മുഖത്തും നെഞ്ചിലും അടക്കം 30 ശതമാനത്തോളം പൊള്ളലേറ്റ സോന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടന്ന് മണിക്കൂറുകൾക്ക് അകം പ്രതിയെ മുട്ടത്തുനിന്ന് പിടികൂടിയിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രാഹുലും സോനയും 2015ൽ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.
എന്നാൽ, ഒരു വർഷത്തിൽ താഴെ മാത്രമാണ് ഇരുവരും ഒരുമിച്ചു ജീവിച്ചത്. ഇതിനിടെ സോന കരിങ്കുന്നം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായി. ഇതറിഞ്ഞ് രാഹുൽ സോനയുമായി വഴക്കിട്ടു. തർക്കം പതിവായതോടെ ഇരുവരും വേർപിരിഞ്ഞു. സോന സ്വന്തം വീട്ടിലേക്കുപോയി. വിവാഹമോചന നടപടികൾ നടക്കുകയാണ്. ഇതിനിടെ, കാമുകൻ തന്നെ പീഡിപ്പിച്ചതായി സോന കരിങ്കുന്നം പൊലീസിൽ പരാതി നൽകി.
അതോടെ അയാളും സോനയിൽനിന്ന് അകന്നു. കഴിഞ്ഞ ദിവസം സോന രാഹുലിനെ വിളിച്ച് കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നും ഇനി ഒരുമിച്ചു ജീവിക്കാമെന്നും പറഞ്ഞു. എന്നാൽ, പിറ്റേദിവസം രാഹുലിനെ വിളിച്ച് സോന താൻ കാമുകനൊപ്പം പോകുകയാണെന്നു പറഞ്ഞു. തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിലെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.